പ്രളയം തുടരുന്നു, അസമിലും മേഘാലയയിലും 125 പേരെ കാണാതായി

ഗുവാഹട്ടി| VISHNU.NL| Last Modified ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (13:34 IST)


അസമിലും മേഘാലയയിലും ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 45 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും നിരവധിപ്പേരേ കാണാതായതായി വാര്‍ത്തകളുണ്ട്. കാണാതായത് 125ലേറെ ആളുകള്‍ വരുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.

മൂന്ന് ദിവസമായി അസമിലും മേഘാലയിലും ശക്തമായ മഴയും കാറ്റുമാണ് നടമാടുന്നത്. ഇരു സംസ്ഥാനങ്ങളിലും വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ താറുമാറായി. പ്രധാന റോഡുകളും സഞ്ചാര മാര്‍ഗങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും കനത്ത മണ്ണിടിച്ചില്‍ പതിവായിരിക്കുകയാണ്. അതിര്‍ത്തി സുരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

14 ലക്ഷം ജനങ്ങള്‍ക്കാണ് വെള്ളപ്പൊക്കത്തെതുടര്‍ന്ന് വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നത്. ചൊവ്വാഴ്ച രാവിലെ മേഘാലയയുടെ തലസ്ഥാനമായ ഷില്ലോംഗില്‍ മണ്ണിടിഞ്ഞു. ഗര്‍ഭിണിയടക്കം എട്ട് പേരാണിവിടെ മണ്ണിനടിയില്‍ കുടുങ്ങിയത്. ഇതില്‍ 5 പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഗാരോ ഹില്‍സിലുണ്ടായ മണ്ണിടിച്ചിലില്‍ 17 പേരെ കാണാതായി. ഗോല്പര, കാംരൂപ്, ധുബ്രി ജില്ലകളില്‍ നിന്ന് നൂറോളം പേരെയാണ് കാണാതായത്. ഇവര്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയിട്ടുണ്ടാകാമെന്നാണ് നിഗമനം.

ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കം നിരവധി ഗ്രാമങ്ങളില്‍ ഇനിയും കെടുതി വിതയ്ക്കാന്‍ കാരണമാകും. മേഘാലയയിലെ പടിഞ്ഞാറന്‍ ഗാരോ കുന്നുകള്‍ക്ക് സമീപം ഒരു ലക്ഷം പേരാണ് മഴയില്‍ ദുരിതം അനുഭവിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ നിര്‍ബദ്ധിത അവധി നല്‍കിയിരിക്കുകയാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :