മുംബൈ|
Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (16:28 IST)
ഫ്ലിപ്പ്കാര്‍ട്ട് വഴി മോഷണം പോയ മൊബൈല്‍ വില്പന നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനിയ്ക്ക് ഡല്‍ഹി പോലീസ് നോട്ടീസയച്ചു.ഫോണുകള്‍ എങ്ങനെ വിറ്റഴിച്ചുവെന്നും ഇവ ലഭിച്ചത് എവിടെനിന്നാണെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയത്.കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ മുന്നൂറോളം മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. ഫോണ്‍ ഇറക്കുമതി ചെയ്യവെ ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്നുമാണ് ഇവ മോഷണം പോയത്. ഇവയില്‍ 22 എണ്ണം ഫ്ളിപ്കാര്‍ട്ട് വഴി ഷോപ്പിങ് നടത്തിയ വ്യക്തികളില്‍ നിന്നാണ് കണ്ടെടുത്തത്.
ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയാണ്, ഫോണുകള്‍ ഇറക്കുമതി ചെയ്തത്. മൈസൂർ, ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഡൽഹി, ഛണ്ഡിഗഡ് എന്നിവിടങ്ങളിലുള്ളവരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ഫോണുകള്‍ ഫ് ളിപ്കാര്‍ട്ടിലൂടെ വിറ്റഴിക്കുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാര്‍ഗോയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഫോണുകള്‍ കടത്തിയതെന്നും പിന്നീട് രാജസ്ഥാനിലെ ഫ്ളിപ്കാര്‍ട്ട് ഏജന്റിന്റെ സഹായത്തോടെയാണ് ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ വിറ്റഴിച്ചതെന്നും അറസ്റ്റിലായവര്‍ പൊലീസിനോട് പറഞ്ഞിരുന്നു.