Last Modified ചൊവ്വ, 30 ജൂലൈ 2019 (14:46 IST)
രാജ്യത്തെ കുട്ടികള്‍ക്ക് സൈനിക വിഭാഗങ്ങളില്‍ ഓഫീസര്‍മാരാകാനുള്ള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് ആരംഭിക്കുന്ന ആദ്യ ‘സൈനിക’ സ്കൂള്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും.ആര്‍എസ്എസിന്‍റെ കീഴിലുള്ള വിദ്യാഭ്യസ വിഭാഗമായ വിദ്യാഭാരതിയുടെ കീഴിലാണ് പുതിയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ആര്‍എസ്എസിന്റെ മുന്‍നേതാവായിരുന്ന രാജേന്ദ്ര സിംഗിന്‍റെ പേരിലാണ് സ്കൂള്‍ തുടങ്ങുന്നതെന്നും എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുപിയിലുള്ള ബുലന്ദ്ഷെഹറിലാണ് രാജുഭയ്യാ സൈനിക വിദ്യാ മന്ദിര്‍ പ്രവര്‍ത്തിക്കുക. രാജേന്ദ്ര സിംഗിന്‍റെ ജന്മനാടാണ് ബുലന്ദ്ഷെഹർ. പരിശീലനം നല്‍കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ സ്കൂള്‍ സിബിഎസ്ഇ സിലബസ് ആണ് പിന്തുടരുക.
ആദ്യ ഘട്ടത്തില്‍ നാലാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെയുള്ള വിദ്യാഭ്യാസമായിരിക്കും രാജുഭയ്യാ സൈനിക് വിദ്യാ മന്ദിറില്‍ ഉണ്ടാവുക. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംരംഭം പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുന്നതെന്നും ഈ മാതൃക മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിദ്യാഭാരതിയുടെ റീജണല്‍ കണ്‍വീനര്‍ അജയ് ഗോയല്‍ പറഞ്ഞു. സ്കൂളിലേക്ക് ആദ്യ ബാച്ചിനുള്ള പ്രോസ്പെക്ടസ് അടക്കം തയറായിട്ടുണ്ട്. സ്കൂളിൽ, വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് 56 സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്.