അവഗണിക്കുന്നുവെന്ന തോന്നല്‍; യുവാവ് കാമുകിയുടെ വീടിന് തീ വെച്ചു, എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍

കാമുകി വിവാഹം ഉടൻ വേണ്ടെന്ന് പറഞ്ഞതാണ് ദീപകിനെ പ്രകോപിപ്പിച്ചത്

കാമുകന്‍ വീടിന് തീ വെച്ചു , വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റു , മേഘ്‌ന , കാമുകി ചതിച്ചു
ബംഗളൂരു| jibin| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (13:09 IST)
കാമുകന്‍ വീടിന് തീയിട്ടതിനെത്തുടര്‍ന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിക്ക് പൊള്ളലേറ്റു. കാമുകിയും സഹോദരിയുമടക്കം വീട്ടിലുണ്ടായിരുന്ന നാല് പേർക്ക് പൊള്ളലേറ്റു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ വിദ്യാര്‍ഥിനി ആശുപത്രിയിലാണ്. കാമുകിയായ മേഘ്‌ന വിവാഹം ഉടൻ വേണ്ടെന്ന് പറഞ്ഞതാണ് ശ്രീരാംപുര സ്വദേശിയായ ദീപകിനെ പ്രകോപിപ്പിച്ചത്. ദീപകിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മേഘ്‌നയുടേയും (21) സഹോദരി സഞ്ജനയുടേയും (16) പരുക്ക് ഗുരുതരമാണ്. ഇവരുടെ മാതാപിതാക്കളായ അനുപമയ്ക്കും നട്‌രാജിനും ചെറിയ തോതിൽ പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മേഘ്‌നയും സഹോദരിയും അപകടനില തരണം ചെയ്‌തിട്ടുണ്ട്.

മേഘ്‌ന തന്നെ പതിവായി അവഗണിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് പെട്രോളുമായെത്തിയ ദീപക് വാതിലിലൂടെയും ജനലിലൂടെയും പെട്രോളൊഴിച്ച ശേഷം തീ വെക്കുകയായിരുന്നു. തീ പടര്‍ന്നതോടെ സമീപവാസികളെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവശേഷം ദീപക് വീടിന്റെ മതില്‍ ചാടി കടന്ന് രക്ഷപ്പെടുകയും ചെയ്‌തു. ഇയാളുടെ കാലിന് പരുക്കേറ്റതൊഴിച്ചാല്‍ വേറെ പരുക്കൊന്നുമുണ്ടായിട്ടില്ല. താനാണ് വീടിന് തീയിട്ടതെന്ന് ദീപക് പൊലീസിനോട് വ്യക്തമാക്കി.


രണ്ടാംവർഷ എന്‍ജിനീയറിംഗ് വിദ്യാർഥിനിയായ മേഘ്‌നയ്ക്ക് ഇരുപത്തിയൊന്ന് വയസും ദേവയ്യ പാര്‍ക്കില്‍ മെഡിക്കല്‍ ഷോപ്പില്‍ അസിസ്‌റ്റന്റായി ജോലി ചെയ്യുന്ന ദീപകിന് ഇരുപത്തിരണ്ടു വയസുമാണ്. വിവാഹം ഉടന്‍ വേണമെന്ന് ദീപക് ആവശ്യപ്പെട്ടുവെങ്കിലും ഉടൻ വേണ്ടെന്ന നിലപാടായിരുന്നു മേഘ്‌നയ്‌ക്കും കുടുംബത്തിനും ഉണ്ടായിരുന്നത്. കൂടാതെ ദീപകിന്റെ ഫോൺകോളുകള്‍ മേഘ്‌ന അവഗണിക്കുകയും ചെയ്‌തതോടെ ദീപക് കൂടുതൽ പ്രകോപിതനാവുകയും അക്രമാസക്തനാവുകയുമായിരുന്നു.

മേഘ്‌നയുടെ സമീപനത്തില്‍ മാറ്റം വന്നതോടെ മാനസികനില തെറ്റിയ ദീപക്കിനെ യേലഹങ്കയിലുള്ള മുത്തച്ഛന്റെ വീട്ടിലേയ്ക്ക് രക്ഷിതാക്കൾ അയച്ചിരുന്നു. തുടര്‍ന്ന് നിരാശയിലായ ഇയാള്‍ കാമുകിയുടെ വീടിന് തീ വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :