ഫാത്തിമയുടെ മരണം: ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് ഐഐടി; നിരാഹാരവുമായി വിദ്യാര്‍ത്ഥികള്‍, പാര്‍ലമെന്‍റില്‍ ബഹളം

ഫാത്തിമ ലത്തീഫ്, മദ്രാസ് ഐ ഐ ടി, Fathima Latheef, Madras IIT
ചെന്നൈ| നിരുപമ വെങ്കിടേഷ്| Last Updated: തിങ്കള്‍, 18 നവം‌ബര്‍ 2019 (20:49 IST)
ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന് മദ്രാസ് ഐ ഐ ടി. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് ഐ ഐ ടി ഡയറക്‍ടര്‍ സന്ദേശമയച്ചു.

എന്നാല്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് ഐ ഐ ടി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട് എന്നതിനാലാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ കഴിയാത്തത് എന്നാണ് ഐ ഐ ടിയുടെ വിശദീകരണം.

മുമ്പ് ഇത്തരം സംഭവങ്ങള്‍ നടന്നപ്പോഴും ആഭ്യന്തര അന്വേഷണം നടത്താന്‍ ഐ ഐ ടി അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, ഫാത്തിമയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്ന സുദര്‍ശന്‍ പത്മനാഭന്‍ ഉള്‍പ്പടെയുള്ള മൂന്ന് അധ്യാപകരോടാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.

പാര്‍ലമെന്‍റിലും ഫാത്തിമയുടെ മരണം വലിയ അലയൊലികള്‍ സൃഷ്ടിച്ചു. പത്തുവര്‍ഷത്തിനിടെ 52 വിദ്യാര്‍ത്ഥികളാണ് ഐ ഐ ടികളില്‍ ജീവനൊടുക്കിയതെന്ന് ഡി എം കെയുടെ കനിമൊഴി എം പി പാര്‍ലമെന്‍റില്‍ ചൂണ്ടിക്കാട്ടി. മതപരമായ വിവേചനം ഐ ഐ ടിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :