മുംബൈയിൽ വ്യാജവാക്‌സിൻ തട്ടിപ്പ്, പറ്റിച്ചത് രണ്ടായിരത്തിലധികം പേരെ കുത്തിവെച്ചത് വെള്ളമാകാമെന്ന് നിഗമനം

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (16:30 IST)
മുംബൈയിൽ വ്യാജവാക്സിൻ വ്യാപകം. ഇതുവരെ രണ്ടായിരത്തിലധികം പേരാണ് വിവിധ ഇടങ്ങളിലെ വ്യാജ വാക്‌സിനേഷൻ ഡ്രൈവുകൾക്ക് ഇരയായത്. മഹാരാഷ്ട്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച വിവരങ്ങളിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതിനകം 5 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 400 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാജ വാക്‌സിനേഷൻ തട്ടിപ്പിനെ പറ്റി വാർത്തകൾ പുറത്തുവന്നതോടെ ആകെ ആശങ്കയിലാണ് മുംബൈ നിവാസികൾ. വ്യാജ വാക്സിനുകൾ സ്വീകരിച്ചവരുടെ ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ നിരീക്ഷിക്കാൻ സർക്കാരിനും മുനിസിപ്പൽ അധികൃതർക്കും കോടതി നിർദേശം നൽകി. അതേസമയം വാക്‌സിൻ എന്ന പേരിൽ ക്യാമ്പുകളിൽ കുത്തിവെച്ചത് മറ്റെന്തിങ്കിലും ദ്രാവകമാവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഡിസ്റ്റിൽഡ് വെള്ളമായിരിക്കാം ക്യാമ്പുകളിൽ കുത്തിവെച്ചതെന്നാണ് സൂചന.

നഗരത്തിലെ ചില സ്വകാര്യ ആശുപത്രികളിൽ വാക്‌സിനേഷന്റെ പേരിൽ 700 രൂപയോളം ഈടാക്കി വാക്‌സിൻ പോലും ഇല്ലാതെയാണ് കുത്തിവെയ്‌ക്കുന്നതെന്ന പരാതിയും ഇതിനെ തുടർന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം പരാതികൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :