ഹാമിദ് അന്‍സാരി ‘റോ’യെ തകര്‍ക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി മുന്‍ ഉദ്യോഗസ്ഥന്‍

1990–92ൽ അൻസാരി ടെഹ്‍റാനിൽ അംബാസഡറായിരുന്നപ്പോൾ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണ ഉന്നയിക്കുന്നത്.

Last Modified തിങ്കള്‍, 8 ജൂലൈ 2019 (12:09 IST)
മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മുന്‍ ഓഫിസര്‍ രംഗത്ത്. ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നും രാജ്യതാല്‍പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

1990–92ൽ അൻസാരി ടെഹ്‍റാനിൽ അംബാസഡറായിരുന്നപ്പോൾ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണ ഉന്നയിക്കുന്നത്. കശ്മീരിലെ യുവാക്കൾക്കു ഭീകരപ്രവർത്തനത്തിന് ഇറാനിൽനിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അൻസാരിയിൽനിന്ന് അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നും സൂദ് പറയുന്നു. ഇറാനിലെ റോ സംവിധാനം തകരാറിലാകാൻ ഇത് ഇടയാക്കി.

ഇന്ത്യൻ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോൾ രാജ്യത്തിന്റെ താൽപര്യങ്ങൾക്കായി അൻസാരി ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. അൻസാരിയും അന്ന് ഐബി അഡീഷനൽ സെക്രട്ടറി ആയിരുന്ന രത്തൻ സെയ്ഗളും ചേർന്ന് റോയുടെ ഗൾഫ് യൂണിറ്റ് തകർത്തെന്നും ആരോപണമുണ്ട്.

സെയ്ഗൾ പിന്നീട് സിഐഎയ്ക്ക് രേഖ കൈമാറിയ സംഭവമുണ്ടായെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ രാജിവച്ചു പോകാൻ അനുവദിച്ചെന്നും ഇപ്പോൾ യുഎസിൽ സ്ഥിരതാമസമാക്കിയെന്നും കത്തിൽ പറയുന്നുണ്ട്.

പൗരനെന്ന നിലയിൽ ഇപ്പോൾ ഇന്ത്യയിൽ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരിയത്ത് കോടതികൾ സ്ഥാപിക്കണമെന്നും സ്ഥാനമൊഴിഞ്ഞ ശേഷം അൻസാരി നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :