Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (10:44 IST)
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാരെ സ്വാധീനിക്കാൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് തടയാൻ നടപടിയുമായി തെരഞ്ഞടുപ്പ് കമ്മീഷൻ. ഡൽഹി എം എൽ എ ഓം പ്രകാശ് ശർമ അഭിനന്ദന്റെ ചിത്രവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ചേർത്തു നിർമ്മിച്ച പോസ്റ്ററുകൾ ഫേസ്ബുക്കിൽ നിന്നും നീക്കാൻ കമ്മീഷൻ നിർദേശം നൽകി. സിവിജിൽ ആപ്പിലൂടെ ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.
മാർച്ച് ഒന്നിനു എംഎൽഎ ഷെയർ ചെയ്ത ഒരു പോസ്റ്റിൽ അഭിനന്ദന്റെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുടെ ചിത്രവും ഉണ്ടായിരുന്നു. ഒപ്പം മോദിക്കു അഭിനന്ദനെ തിരിച്ചു കൊണ്ടുവരാനായത് ഇന്ത്യയുടെ നയതന്ത്ര വിജയവുമാണെന്നും കുറിച്ചിരുന്നു. മറ്റൊന്നിൽ പാകിസ്ഥാൻ കീഴടങ്ങി, രാജ്യത്തെ ധീരൻ തിരിച്ചെത്തിയെന്നായിരുന്നു ശീർഷകം.
ബിജെപി നേതാക്കൾ വ്യാപകമായി രാഷ്ട്രീയ നേട്ടത്തിനായി സൈനിക വിഭാഗങ്ങളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതായി പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. സൈനിക വിഭാഗങ്ങളെയും അവരുടെ ചിത്രങ്ങളുമെല്ലാം പ്രചരണത്തിനു ഉപയോഗിക്കരുതെന്ന് നേരത്തെ തന്നെ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഇതു സംബന്ധിച്ച് കമ്മീഷൻ കത്തെഴുതിയിട്ടുണ്ട്.