മുസ്ലിം പള്ളിയില്‍ സന്ദര്‍ശനം നടത്തി; മോഡി ഇന്ന് ദുബൈയില്‍

ദുബൈ| JOYS JOY| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (08:23 IST)
യു എ ഇ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ദുബൈയില്‍ എത്തും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂമുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരലക്ഷത്തിലേറെ വരുന്ന പ്രവാസി ഇന്ത്യക്കാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ഞായറാഴ്ചയാണ് പ്രധാനമന്ത്രി മോഡി യു എ യിലേക്ക് തിരിച്ചത്. 34 വര്‍ഷത്തിനു ശേഷം യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വമ്പിച്ച സ്വീകരണമായിരുന്നു അബുദാബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ ലഭിച്ചത്. ചുവപ്പു പരവതാനി വിരിച്ചായിരുന്നു മോഡിയെ സ്വീകരിച്ചത്.

അതേസമയം, യു എ ഇയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയിലും മോഡി സന്ദര്‍ശനം നടത്തി. മക്കയും മദീനയും കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളിയായ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കിലാണ് മോഡി സന്ദര്‍ശനം നടത്തിയത്. അന്തരിച്ച രാഷ്‌ട്രപിതാവ് ഷെയ്‌ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ മുന്‍കൈയെടുത്ത് നിര്‍മിച്ച പള്ളിയാണ് ഇത്. പള്ളി വളപ്പിലെ ഷെയ്ഖ് സായിദിന്റെ ഖബറിടവും മോഡി സന്ദര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :