ഡല്‍ഹിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 28 ഏപ്രില്‍ 2015 (13:59 IST)
ഡ്രോണുകൾ ഉപയോഗിച്ച് ഡൽഹിയിൽ ഭീകരാക്രമണത്തിന് ലഷ്കർ ഇ തോയ്ബ തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് . ചെറിയ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചു ആക്രമണത്തിന് പദ്ധതിയിടുന്നത് ലഷ്‌കര്‍ ഇ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ സംഘടനകളാണെന്നാണ് മുന്നറിയിപ്പ്. റിപ്പോർട്ട് വന്നതിനെത്തുടർന്ന് സുരക്ഷ കർശനമാക്കാൻ ഡൽഹിപോലീസിന് നിർദ്ദേശം ലഭിച്ചു . ഡ്രോണുകളുടെ വിൽപ്പന നടത്തുന്നവരുടേയും വാടകയ്ക്ക് കൊടുക്കുന്നവരുടേയും പൂർണ വിവരങ്ങൾ തേടാൻ എല്ലാ പോലീസ് സൂപ്രണ്ട്മാരോടും
ആവശ്യപ്പെട്ടിട്ടുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു മുകളില്‍ ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ മുന്നറിയിപ്പ്. ഇത്തരം സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെടുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ റിപ്പബ്ളിക് ദിനത്തില്‍ ഇത്തരമൊരു ഡ്രോണ്‍ അല്ലെങ്കില്‍ പാരാഗൈഡിങ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു ലഭിച്ചിരുന്നതായി ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി അറിയിച്ചു.

വിനോദ ആവശ്യങ്ങള്‍ക്കു വേണ്ടി കളിപ്പാട്ടമായി ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ പറത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ ഡ്രോണുകള്‍ പറത്തുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിരോധിച്ചതാണ്. അതേസമയം ഡ്രോണുകളുടെ കേന്ദ്രമാണ് ഡല്‍ഹി നഗരം. തിലോക്പുരിയിലെ കലാപം നിയന്ത്രിക്കാന്‍ ഡ്രോണുകളാണ് ഒരുപരിധിവരെ പൊലീസിനെ സഹായിച്ചത്. ടെറസ്സുകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കല്ലുകളും പെട്രോള്‍ ബോംബുകളും മറ്റും കണ്ടെത്താന്‍ ഡ്രോണുകളിലെ ക്യാമറ സഹായിച്ചു. അതുപോലെ പൊതുജനങ്ങളും ക്യാമറ വഹിക്കാവുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്തുനിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു.

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അനുമതിയില്ലാതെ ഡ്രോണുകള്‍ പറത്തരുതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ചാരപ്രവർത്തനങ്ങൾക്കും ഫോട്ടോയെടുക്കാനും കഴിയുന്ന ഡ്രോണുകൾക്ക് സ്ഫോടക വസ്തുക്കൾ വഹിക്കാനുള്ള ശേഷിയുമുണ്ട് . ഭീകര സംഘടനകൾ ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ വിഷയം അതീവ ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :