നാഗ്പൂര്‍|
priyanka|
Last Updated:
തിങ്കള്‍, 18 ജൂലൈ 2016 (10:07 IST)
നാഗ്പൂരില്‍ അവിഹിത ഗര്‍ഭം ധരിച്ച മകളെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ മകള്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് 45കാരിയായ അമ്മ ദുരഭിമാന കൊല നടത്തിയത്. വീട്ടില്‍വെച്ച് ദുപ്പട്ട ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നത്. സംഭവത്തില്‍ അമ്മ മുക്താബായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയായിരുന്ന വാഡി സ്വദേശിയായ പെണ്‍കുട്ടി സമീപവാസിയായ ചെറുപ്പക്കാരനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തിലാണ് കുട്ടി ഗര്‍ഭിണിയായത്. മകള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ അമ്മ മുക്താബായ് ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി തയ്യാറായില്ല. സംഭവം പുറത്തറിയുന്നത് കുടുംബത്തിന് അപമാനമാകുമെന്ന ഭയം കാരണമാണ് മുക്താബായി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.
കൊല ചെയ്ത ശേഷം പുറത്തറിയാതിരിക്കാന്‍ മറ്റ് കുടുംബാംഗങ്ങളുടെ സഹായത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ സമീപവാസികളായ ചിലരാണ് പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് നല്‍കിയത്. വാഡി സ്റ്റേഷനിലെ വനിതാ എസ് ഐ എസ് കുട്ടേമറ്റെയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ചോദ്യം ചെയ്യലില്‍ മുക്താബായ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.