പൂനെ|
jibin|
Last Updated:
ശനി, 16 ജൂലൈ 2016 (18:02 IST)
സ്വര്‍ണം കൊണ്ട് നിര്‍മിച്ച ഷര്‍ട്ട് ധരിച്ച് വാര്‍ത്തകളിലിടം നേടിയ പൂനെയിലെ വ്യവസായിയും എന്‍സിപി നേതാവ് കൂടിയായ ദത്ത ഫൂഗെയെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ മകന്റെ സുഹൃത്തുക്കളെന്ന് പൊലീസ്. തങ്ങള്‍ക്ക് തരാനുള്ള ഒന്നര ലക്ഷം രൂപ നേടിയെടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് നാല്‍പ്പത്തഞ്ചുകാരനായ ദത്ത മകനായ ശുഭയ്‌ക്കൊപ്പം ഒരു പിറന്നാല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങിനിടെ പന്ത്രണ്ടുപേരടങ്ങിയ സംഘം പണത്തിന്റെ പേരു പറഞ്ഞ് ദത്തയെ ആക്രമിക്കുകയായിരുന്നു. കത്തി, വാള്‍, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ച് ഫൂഗെയെ ആക്രമിച്ച ശേഷം വലിയ കല്ലുകള്‍ കൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇവര്‍ ശുഭയുടെ സുഹൃത്തുക്കള്‍ ആയിരുന്നു.
ഈ സമയം ശുഭ സംഭവസ്ഥലത്തുണ്ടായിരുന്നുവെങ്കിലും ആക്രമികള്‍ ഇയാളെ ഒന്നും ചെയ്‌തില്ല. മര്‍ദ്ദനമേറ്റ് അവശനിലയിലായ ദത്ത സംഭവസ്ഥലത്തുവച്ചു തന്നെ മരിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ശുഭവും സുഹൃത്തുമാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊലപാതകം നടന്ന് അടുത്ത ദിവസം തന്നെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നാലു വര്‍ഷം മുൻപ് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം കൊണ്ടുള്ള ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ദത്തയുടെ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. 3.5 കിലോഗ്രാമുണ്ടായിരുന്ന സ്വര്‍ണഷര്‍ട്ട് ബംഗാളില്‍ നിന്നുള്ള 15 തൊഴിലാളികള്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.