1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. DK Sivakumar against Pinarayi vijayan's bulldozer statement

കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്, പിണറായി വിജയന്റെ ബുള്‍ഡോസര്‍ രാജ് പ്രതികരണത്തിനെതിരെ ഡി കെ ശിവകുമാര്‍

DK Sivakumar, Bulldozer raj statement, Pinarayi vijayan, Politics,ഡി കെ ശിവകുമാർ, ബുൾഡോസർ രാജ്, പിണറായി വിജയൻ
കര്‍ണാടകയിലെ  ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ നടന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കല്‍ നടപടിയെച്ചൊല്ലി  നേര്‍ക്കുനേര്‍ ഏറ്റുമുട്ടി  കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ കടുത്ത വാക്കേറ്റം. വിഷയത്തില്‍ പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ഡികെ  ശിവകുമാര്‍ തിരിച്ചടിച്ചത്.
 
യെലഹങ്കയിലെ ഫഖീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി ഭരണഘടനാ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നും ന്യൂനപക്ഷ വിഭാഗങ്ങളെയാണ് ലക്ഷ്യമിട്ടുള്ള നടപടി എന്ന നിലയില്‍ സംഭവം അതീവ ആശങ്കാജനകമാണെന്നും പിണറായി വിജയന്‍ വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ബുള്‍ഡോസര്‍ രാജിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് കുടിയൊഴിപ്പിക്കലുണ്ടായതെനും പിണറായി വിജയന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നതായും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
 
 
ഇതിന് മറുപടിയായി രംഗത്തെത്തിയ ഡി.കെ. ശിവകുമാര്‍ കര്‍ണാടകത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടേണ്ടതില്ലെന്ന് തുറന്നടിച്ചു. പൊളിക്കല്‍ നടന്നത് സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളിലാണെന്നും, ആ പ്രദേശം മാലിന്യ നിക്ഷേപ കേന്ദ്രമായി നിശ്ചയിച്ചിരുന്ന ഭൂമിയാണെന്നും ശിവകുമാര്‍ വ്യക്തമാക്കി. നിയമപരമായ നടപടിയുടെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയതെന്നും, ഇത് ഒരു പ്രത്യേക സമൂഹത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും ശിവകുമാര്‍ പറഞ്ഞു.
 
ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് പുനരധിവാസത്തിനും വീട് ലഭ്യമാക്കുന്നതിനുമുള്ള സഹായം നല്‍കുമെന്നും, അര്‍ഹരായവര്‍ക്ക് ബന്ധപ്പെട്ട പദ്ധതികളിലൂടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. 'ബുള്‍ഡോസര്‍ ജസ്റ്റിസ്' എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, ഭരണപരമായ തീരുമാനങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തിരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയതന്ത്രമാണ് പ്രതികരണമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
 
കുടിയൊഴിപ്പിക്കപ്പെട്ടവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും അര്‍ഹരായവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകള്‍ നല്‍കുമെന്നും ഇതൊരു മതപരമായ വിഷയമല്ലെന്നും നിയമവിരുദ്ധമായി കുടില്‍ കെട്ടുന്നത് തടയുകമാത്രമാണ് ചെയ്തതെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
 
അടുത്ത ലേഖനം
വിചിത്രം, വൈരാഗ്യം; പ്രശാന്തിനോടു എംഎല്‍എ ഓഫീസ് ഒഴിയാന്‍ കൗണ്‍സിലര്‍ ശ്രീലേഖ