രേണുക വേണു|
Last Modified ചൊവ്വ, 16 ഡിസംബര്‍ 2025 (16:51 IST)
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന ഏതാനും സിനിമകള്‍ക്കു പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച യൂണിയന്‍ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗ്ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയില്‍ പ്രദര്‍ശിപ്പിക്കും.'
കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സിനിമകളെല്ലാം ഐഎഫ്എഫ്‌കെ വേദിയില്‍ തന്നെ പ്രദര്‍ശിപ്പിക്കാന്‍ മുഖ്യമന്ത്രി സംഘാടകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.