ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 18 ഓഗസ്റ്റ് 2016 (20:19 IST)
ജിംനാസ്‌റ്റിക് എന്നു കേട്ടാല്‍ ഭയന്നോടുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ നിന്ന് ചരിത്രത്തിലാദ്യമായി ഒളിമ്പിക്‍സ് ഫൈനലില്‍ പ്രവേശിക്കുകയും നേരിയ വ്യത്യാസത്തില്‍ റിയോയില്‍ നാലാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്‌ത ദീപ കര്‍മാര്‍ക്കറെ ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌കാരം നല്‍കി രാജ്യം ആദരിക്കും.
ദീപയ്‌ക്കൊപ്പം ഒളിമ്പ്യന്‍ ഷൂട്ടര്‍ ജിത്തു റായ്‌ക്കും ഖേല്‍രത്ന പുരസ്‌കാരം ലഭിക്കും. റിയോയില്‍ 10 മീ. എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയ ജിത്തുവിന് മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചില്ല. പുരസ്‌കാരത്തിന് ജിത്തു അര്‍ഹമാകുമെന്ന് വ്യക്തമായിരുന്നതാണ്. എന്നാല്‍, റിയോയിലെ അഭിമാനകരമായ പ്രകടനം കണക്കിലെടുത്ത് ദീപയുടെ പേര് അവസാനഘട്ടത്തില്‍ ചേര്‍ക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസിലും കോമണ്‍ വെല്‍ത്ത് ഗെയിംസിലും മെഡലുകള്‍ സ്വന്തമാക്കിയ താരമാണ് ജിത്തു റായ്. 2014ലെ ഗ്ലാസ്കോയില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലും ഇഞ്ചിയോണ്‍ ഗെയിംസിലും സ്വര്‍ണവും സ്വന്തമാക്കിയ താരമാണ് ജിത്തു. 10. മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലമെഡലും സ്വന്തമാക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഈ നേട്ടങ്ങളാണ് ഇന്ത്യന്‍ ഷൂട്ടറെ ഖേല്‍രത്ന പുരസ്‌കാരത്തിന്‍ അര്‍ഹമാക്കിയത്.
ഖേല്‍രത്ന പുരസ്‌കാരങ്ങളില്‍ വ്യത്യസ്ഥമായി നിന്നത് ദീപയുടെ പേരായിരുന്നു. റിയോയില്‍ ഇന്ത്യക്ക് ഒരു മെഡല്‍ പോലും ലഭിക്കില്ലെന്ന് തോന്നല്‍ ശക്തമായ നിമിഷമാണ് ജിംനാസ്‌റ്റിക്‍സില്‍ മിന്നുന്ന പ്രകടനം ദീപ കാഴ്‌ചവച്ചത്. സാക്ഷി മാലിക്കിന് മെഡല്‍ നേടാന്‍ സാധിക്കാതെ വന്നിരുന്നുവെങ്കില്‍ ദീപ തന്നെയാകുകായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ താരം.