ധാക്ക|
Sajith|
Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (10:05 IST)
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ന് ഇന്ത്യ യു എ ഇയെ നേരിടും. വൈകിട്ട് ഏഴ് മുതലാണ് മത്സരം.തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി ഫൈനലില്‍ കടന്നതിനാല്‍ ഇന്ത്യക്കും ഫൈനല്‍ കാണില്ലെന്ന് ഉറപ്പായ യു എ ഇക്കും മത്സരം അപ്രസക്‌തമാണ്. അവസരം കിട്ടാതെ ബെഞ്ചിലിരിക്കുന്ന എല്ലാവരെയും ഇന്നു കളിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വ്യക്തമാക്കി.
ഓപ്പണര്‍ ശിഖര്‍ ധവാനു പകരം രഹാനെ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഹര്‍ഭജന്‍ സിങ്, അജിന്‍ക്യ രഹാനെ,പവന്‍ നേഗി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ഉദ്ദേശിച്ചാണു ധോണിയുടെ ഈ പ്രസ്‌താവന. എന്നാല്‍ ബെഞ്ചിലിരിക്കുന്ന എല്ലാവര്‍ക്കും അവസരം ലഭിക്കാനിടിയില്ലെന്ന സൂചന മാനേജ്‌മെന്റ് നല്‍കി. രഹാനെ പാകിസ്ഥാനെതിരേ കളിച്ചിരുന്നു. പേസര്‍ ആശിഷ് നെഹ്‌റയ്‌ക്ക് ഇന്നു വിശ്രമം നല്‍കാനാണ് സാധ്യത. മികച്ച ബൗളറാണെങ്കിലും ഇടയ്‌ക്ക് ഫോം മങ്ങിയതിനെ തുടര്‍ന്നു ചിത്രത്തില്‍നിന്നു പുറത്തായ ഭുവനേശ്വര്‍ കുമാറായിരിക്കും നെഹ്‌റയ്‌ക്കു പകരം കളിക്കുക. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയുടെ മുന്‍നിര പേസറായിരുന്നു ഭുവനേശ്വര്‍. ഏത് പിച്ചിലും പന്ത് സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. കൂടാതെ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കി ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിനും ഇടംകൈയന്‍ സ്‌പിന്നര്‍ പവന്‍ നേഗിക്കും അവസരം നല്‍കിയേക്കും. ഐ പി എല്‍ താരലേലത്തില്‍ 8.5 കോടി രൂപയ്‌ക്കു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയ താരമാണ് പവന്‍ നേഗി.
എന്നാല്‍ നായകന്‍ അംജദ് ജാവേദ് നയിക്കുന്ന
യു എ ഇ ബൗളിങ്ങ് നിരയെ മോശമെന്നു വിലയിരുത്താനാകില്ല. മികച്ച സ്‌കോറുകള്‍ നേടാന്‍ കഴിയാത്ത സുരേഷ് റെയ്‌നയ്‌ക്കും ലങ്കയ്‌ക്കെതിരേ 18 പന്തില്‍ 35 റണ്‍സെടുത്ത് ഫോമിലേക്കു മടങ്ങിവരുന്നുയെന്ന സൂചന നല്‍കിയ യുവ്‌രാജ് സിങ്ങിനും ഇന്ന് അടിച്ചു തകര്‍ക്കാനുള്ള അവസരമാണ്. ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ കടന്നത്.
ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നായകന്‍ എം എസ് ധോണിയും വിരാട് കോഹ്ലിയും ഒരുപാടു റെക്കോഡുകള്‍ സ്വന്തമാക്കി. ട്വന്റി20 യില്‍ 50 പേരെ പുറത്താക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്. കൂടാതെ രാജ്യാന്തര ക്രിക്കറ്റില്‍ 200 സിക്‌സറുകള്‍ തികയ്‌ക്കുന്ന ആദ്യ നായകനുമായി ധോണി. 315 ഇന്നിങ്‌സുകളില്‍ നിന്നാണ് ധോണി 200 സിക്‌സറുകള്‍ പറത്തിയത്. ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങാണ് ധോണിക്കു പിന്നിലുള്ളത്. 376 ഇന്നിങ്‌സുകളിലായി 171 സിക്‌സറുകളാണ് പോണ്ടിങ്ങിന്റെ പേരില്‍ കുറിച്ചത്. ട്വന്റി20 യില്‍ ധോണിയുടെ വിജയ ശതമാനം 58.47 ആണ്. 60 കളികളില്‍ 34 ജയം കുറിച്ച ധോണി 24 മത്സരങ്ങളില്‍ തോറ്റു. ഒരു മത്സരം സമനിലയും ഒരെണ്ണം ഉപേക്ഷിക്കുകയും ചെയ്‌തു. ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 244.44 ആണ്.
ട്വന്റി20 യില്‍ ഇതുവരെ കോഹ്ലി പതിമൂന്നു അര്‍ധ സെഞ്ചുറികള്‍ നേടി. ന്യൂസിലന്‍ഡിന്റെ ബ്രണ്ടന്‍ മക്കല്ലം (15), ക്രിസ് ഗെയ്‌ല്‍ (14) എന്നിവരാണു കോഹ്ലിക്കു മുന്നിലുള്ളത്. ലങ്കയ്‌ക്കെതിരായ ട്വന്റി20 യില്‍ 100.50 റണ്‍സായിരുന്നു കോഹ്ലിയുടെ ശരാശരി.