കേബിള്‍ ടിവി സര്‍വീസുകളിലും ഡിടിഎച്ച് സേവനങ്ങളിലും എംഎന്‍പി സംവിധാനം ഉടന്‍; ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി, ട്രായ്, എം എന്‍ പി, കേബിള്‍ ടിവി, ഡിടിഎച്ച് delhi, TRAI,MNP, cable TV, DTH
ന്യൂഡല്‍ഹി| Sajith| Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (13:13 IST)
കേബിള്‍ ടിവി സര്‍വീസുകളിലും ഡയറക്ട് ടു ഹോം സേവനങ്ങളിലും (ഡിടിഎച്ച്) എംഎന്‍പി സംവിധാനം വരുന്നു. അതിനുള്ള പ്രാരംഭനടപടികള്‍ തുടങ്ങിയതായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അറിയിച്ചു.

ഡിടിഎച്ച് കണക്ഷനിലോ കേബിള്‍ കണക്ഷനിലോ വേണ്ടത്ര ചാനലുകള്‍ കിട്ടാതെ വരികയോ, അമിതമായി പണം ഈടാക്കുകയോ ചെയ്താല്‍ ഇപ്പോള്‍ മൊബൈല്‍ എംഎന്‍പിയില്‍ സാധ്യമാകുന്ന പോലെ ഏത് സേവനദാതാവിനെയും സ്വീകരിക്കാന്‍ കഴിയുന്നതാണ് പദ്ധതി. ഈ പദ്ധതി നടപ്പില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുമെന്നാണ് ട്രായ് കരുതുന്നത്.

ഇപ്പോള്‍ 1500-2000 രൂപ വില വരുന്ന ഒരു ലോക്ക്ഡ് സെറ്റ് അപ് ബോക്‌സിലൂടെയാണ് ഡിടിഎച്ച് സേവനം നല്‍കുന്നത്. കമ്പനിയുടെ സേവനം എത്രതന്നെ മോശമാണെങ്കിലും പലപ്പോഴും അതില്‍ തന്നെ തുടരാന്‍ ഇത് ഉപഭോക്താവിനെ നിര്‍ബന്ധിരാക്കുന്നു. അല്ലെങ്കില്‍ കൂടുതല്‍ പണം കൊടുത്ത് പുതിയ കണക്ഷന്‍ എടുക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതോടെ ആദ്യത്തെ ബോക്‌സിനു ചെലവായ പണം വെറുതെ നഷ്ടമാവുകയും ചെയ്യുന്നു.

പോര്‍ട്ടബിലിറ്റി അനുവദിക്കുന്നതോടു കൂടി മെച്ചപ്പെട്ട സേവനം നല്‍കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇതോടെ മേഖലയില്‍ ആരോഗ്യകരമായ മത്സരം വരും. ഇത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് ട്രായ് കരുതുന്നു.എന്നാല്‍ ഇത് പ്രായോഗികമായി നടപ്പാക്കാന്‍ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്. എന്തായാലും ട്രായ് ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. താമസിയാതെതന്നെ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഈ പദ്ധതി വരുന്നതോടെ ഡിവൈസിനുള്ള ലോക്ക് ഒഴിവാക്കും. മൊബൈലില്‍ എങ്ങനെയാണോ സിം, അതുപോലെ തന്നെ ഡിടിഎച്ച് കണക്ഷനുകളില്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉണ്ട്. ഇത് ഏത് ഡിവൈസില്‍ ഇട്ടാലും വര്‍ക്ക് ചെയ്യുമെന്ന രീതിയിലാക്കുകയും ചെയ്യും

ഈ വര്‍ഷം അവസാനത്തോടെ അനലോഗ് രീതിയില്‍ ചാനലുകള്‍ നല്‍കാന്‍ കേബിള്‍ ടിവി കമ്പനികള്‍ നിര്‍ബന്ധിതരാകും. 100 മില്യണ്‍ ജനങ്ങളാണ് ഇപ്പോള്‍ കേബിള്‍ ടിവി സബ്‌സ്‌ക്രിഷനിലുള്ളത്. എല്ലാവരെയും ഡിജിറ്റലിലാക്കുന്നതോടെ ഡിടിഎച്ചിന് സമാനമായി പോര്‍ട്ടബിലിറ്റി അനുവദിക്കാനാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :