ന്യൂഡല്‍ഹി|
JOYS JOY|
Last Modified ഞായര്‍, 21 ഫെബ്രുവരി 2016 (12:32 IST)
സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് വിഭാഗക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. 80 പേര്‍ക്ക് പരുക്കേറ്റു. അതേസമയം, സമരനേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും. വൈകുന്നേരം മൂന്നുമണിക്ക് ഡല്‍ഹിയില്‍ രാജ്‌നാഥ് സിംഗിന്റെ വസതിയിലാണ് യോഗം നടക്കുന്നത്.
അതേസമയം, ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ സമാധാന സന്ദേശവുമായി സത്യാഗ്രഹം നടത്തുന്നു. ഞായറാഴ്ച മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ആണ് ഹൂഡ സത്യാഗ്രഹം നടത്തുന്നത്.
ഹരിയാനയിലെ ജാട്ട് പ്രക്ഷോഭം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജാട്ട് സമുദായത്തെ ഒ ബി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണ ആനുകൂല്യങ്ങള്‍ നല്‍കുക എന്ന ആവശ്യമുന്നയിച്ച് ഫെബ്രുവരി 15നാണ് സമരം ആരംഭിച്ചത്.
പ്രതിഷേധക്കാര്‍ വൈദ്യുതി നിലയത്തിന് തീവെക്കുകയും സൈനിക ക്യാമ്പ് അക്രമിക്കുകയും ചെയ്തു. സൈനികര്‍ നടത്തിയ ഒരാള്‍ സംഭവ സ്ഥലത്തും ആറു പേര്‍ ആശുപത്രിയിലും മരിച്ചു. സോനിപട്ട്, റോഹ്തക്, ഗോഹാന, ജജ്ജാര്‍, ബിവാനി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. 800ഓളം ട്രെയിന്‍ സര്‍വീസുകളാണ് ഇതുവരെ റദ്ദാക്കിയത്.