ദാവൂദ് എവിടെ? ഒരുവിവരവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 5 മെയ് 2015 (16:31 IST)
രാജ്യം തേടുന്ന കൊടും കുറ്റവാളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് യാതൊരു വിവരങ്ങളുമില്ലെന്ന് വെളിപ്പെടുത്തല്‍. ആഭ്യന്തര സഹമന്ത്രി എച്ച്പി ചൗധരി പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലാണ് ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് സര്‍ക്കാരിന് വിവരമൊന്നുമില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ദാവൂദ് ഇബ്രാഹീം പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ഉണ്ടെന്ന കേന്ദ്രസര്‍ക്കാരിന് മുന്‍ നിലപാടുകള്‍ തള്ളിക്കളയുന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിന് നല്‍കിയിരിക്കുന്നത്.

ഇന്റലിജന്‍സ് ഏജന്‍സികളുടെ പക്കല്‍ ദാവൂദിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്ന് പറഞ്ഞ മന്ത്രി ദാവൂദ് എവിടെയുണ്ടെന്നറിഞ്ഞാലേ രാജ്യത്തെത്തിക്കാന്‍ ശ്രമം നടത്താനാവൂ എന്നും പാര്‍ലമെന്റിനെ അറിയിച്ചു.ബിജെപി അംഗം നിത്യാനന്ദ റായിയുടെ ചോദ്യത്തിനാണ് ആഭ്യന്തര സഹമന്ത്രി മറുപടി നല്‍കിയത്.1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ മുഖ്യപ്രതിയായ ദാവൂദ് രാജ്യത്തെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയായാണ് കണക്കാക്കപ്പെടുന്നത്. ദാവൂദിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എത്രയും വേഗം നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :