രേണുക വേണു|
Last Updated:
വെള്ളി, 16 ജൂലൈ 2021 (15:24 IST)
താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ സേനയുടെ ചിത്രങ്ങളും വീഡിയോയും ഡാനിഷ് സിദ്ദിഖി മൂന്ന് ദിവസം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അഫ്ഗാന്‍ സേനയുടെ വാഹനങ്ങളെ താലിബാന്‍ റോക്കറ്റുകള്‍ ലക്ഷ്യം വയ്ക്കുന്നതിന്റെ വീഡിയോയും ഇതില്‍ ഉണ്ട്. താന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഡാനിഷ് ജൂലൈ 13 നാണ് ട്വീറ്റ് ചെയ്തത്. ഭയപ്പെടുത്തുന്ന വീഡിയോയാണിത്. തലനാരിഴയ്ക്കാണ് ഡാനിഷ് ആ ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഡാനിഷ് ട്വീറ്റില്‍ പറയുന്നുണ്ട്.
പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണവാര്‍ത്ത ഏറെ ഞെട്ടിപ്പിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ മേഖലയില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ദിഖിയുടെ മരണം. താലിബാന്‍ ആക്രമണത്തിനിടെയാണ് ഡാനിഷിന്ജീവന്‍ നഷ്ടമായത്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഡാനിഷ്. റോയിട്ടേഴ്‌സിന് വേണ്ടിയാണ് കാണ്ഡഹാര്‍ മേഖലയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാന്‍ ഡാനിഷ് എത്തിയത്.
അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്‌സിനൊപ്പമായിരുന്നു ഡാനിഷ് സഞ്ചിരിച്ചിരുന്നത്. കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാനെതിരെ അഫ്ഗാന്‍ നടത്തുന്ന പോരാട്ടത്തെ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യയിലെ സ്പിന്‍ ബോല്‍ഡാക് ജില്ലയിലൂടെയായിരുന്നു സഞ്ചാരം. ഇതിനിടയില്‍ താലിബാന്റെ ഭാഗത്തുനിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായി. പ്രദേശത്തെ ഒരു കടക്കാരനോട് ഡാനിഷ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് താലിബാന്‍ ആക്രമിക്കുന്നതും ഡാനിഷിന് ജീവന്‍ നഷ്ടമായതും. മുതിര്‍ന്ന അഫ്ഗാന്‍ ഓഫിസര്‍ക്കും ഡാനിഷിനൊപ്പം ജീവന്‍ നഷ്ടപ്പെട്ടു.
റോയിട്ടേഴ്‌സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റര്‍ പുരസ്‌കാര ജേതാവാണ്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയതിനാണ് 2018ല്‍ പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചത്.