അഹമ്മദാബാദ്|
Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (12:43 IST)
നീലോഫര്‍ കൊടുങ്കാറ്റിന്റെ ശക്തി ക്ഷയിച്ചു. ഇതോടെ ഗുജറാത്തിനെ കശക്കിയെറിയുമെന്ന ആശങ്ക പറപറന്നു. കഴിഞ്ഞ ആറു മണിക്കൂറായി അറബിക്കടലിന്റെ മീതെ നീങ്ങിയ കൊടുങ്കാറ്റിന്റെ ശക്തി വളരെ ക്ഷയിച്ചെന്നും ഇന്ന് വൈകുന്നേരം കച്ചിലെ നല്യയില്‍ അതു കരയണയുമ്പോള്‍ അതിന്റെ തീവ്രത വളരെ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നീലോഫര്‍ കാറ്റ് കരയിലെത്തുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയിലായിരിക്കും. ഇതേസമയം, ഗുജറാത്ത് സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറില്‍ കനത്ത മഴയുണ്ടായേക്കും.
ഇതേസമയം, പാക്കിസ്ഥാനില്‍ നീലോഫര്‍ വന്‍തോതില്‍ നാശം വിതച്ചേക്കാം എന്ന മുന്നറിയിപ്പു കണക്കിലെടുത്ത് 50,000 പേരെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടികളാരംഭിച്ചു. കറാച്ചിക്കു മുകളിലൂടെ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ നീലോഫര്‍ കടന്നു പോകുമെന്നാണു കരുതുന്നത്. കറാച്ചി, തട്ട, ബഡിന്‍, സുജാവാള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഒാഫിസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.