Covid: ആറ് കോവിഡ് മരണം, മൂന്നും കേരളത്തില്‍; കോവിഡ് കുതിക്കുന്നു !

ആറ് കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു

Covid, Corona, Covid in India, Covid Cases increasing, Covid Kerala, Covid XFG Varient, കോവിഡ്, കോവിഡ് ഇന്ത്യ, കോവിഡ് കേരള, കോവിഡ് കേസുകളില്‍ വര്‍ധന, കോവിഡ് ലക്ഷണങ്ങള്‍, കോവിഡ് എക്‌സ്.എഫ്.ജി വകഭേദം, കോവിഡ് വാര്‍ത്തകള്‍
Covid, India
New Delhi| രേണുക വേണു| Last Updated: വ്യാഴം, 12 ജൂണ്‍ 2025 (11:53 IST)

Covid: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. സജീവ കോവിഡ് രോഗികളുടെ എണ്ണം 7,000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 7,121 സജീവ കോവിഡ് കേസുകള്‍ ഉണ്ട്.

ആറ് കോവിഡ് മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. അതില്‍ മൂന്നും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് കോവിഡ് മരണം കര്‍ണാടകയിലും ഒരെണ്ണം മഹാരാഷ്ട്രയിലും. ഈ വര്‍ഷം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയി.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നത്തെ വരെയുള്ള കണക്കനുസരിച്ച് കേരളത്തിലെ സജീവ കേസുകള്‍ 2,223 ആയി. കോവിഡ് പരിശോധന സജീവമാക്കിയതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണം. കേരളം കഴിഞ്ഞാല്‍ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍. ഗുജറാത്തില്‍ 1223 കോവിഡ് കേസുകളാണ് നിലവില്‍ ഉള്ളത്.

കോവിഡ് : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡിന്റെ പുതിയ വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപനശേഷി കൂടുതലായതിനാല്‍ അധികം ആളുകളിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണം. ആശുപത്രികള്‍, അങ്ങാടികള്‍, കൂടുതല്‍ ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. കൈകള്‍ സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കഴുകണം.

സാമൂഹിക അകലം പാലിക്കുകയും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പാലിക്കേണ്ട ആരോഗ്യ ശീലങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. ആശുപത്രികളിലെ രോഗീ സന്ദര്‍ശനങ്ങള്‍ അത്യാവശ്യത്തിന് മാത്രമാക്കുക. ചികിത്സാക്കായി ആശുപത്രികളില്‍ പോകുന്നവര്‍ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കല്‍ എന്നിവ ശ്രദ്ധിക്കണം.

മറ്റു രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ കോവിഡ് വകഭേദം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ എസ്.എം.എസ് (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം) എന്നിവയില്‍ വിട്ടുവീഴ്ച വരുത്തരുത്. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ചികിത്സ തേടണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :