ഇന്ത്യയുടെ കൊവിഡ് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി, 12 ആശുപത്രികളീലായി 375 പേരിൽ ആദ്യഘട്ട പരീക്ഷണം

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 18 ജൂലൈ 2020 (11:17 IST)
ഹൈദരാബാദ്: സാർസ് കോവ് 2 വൈറസിനെതിരെ ഇന്ത്യ വികസിച്ച കോവിഡ് വാക്‌സിന്‍ 'കോവാക്‌സിന്‍' മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ജൂലൈ 15ന് തന്നെ ക്ലിനിക്കൽ ടെസ്റ്റ് ആരംഭിച്ചിരുന്നു. 12 ആശുപത്രികളിലായി 375 പേരിലാണ് ആദ്യഘട്ടത്തിൽ കോവാക്സിൻ പരീക്ഷിയ്ക്കുന്നത്. വാക്സിന് പരീക്ഷണത്തിന് തയ്യാറായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇവരിൽനിന്നും തിരഞ്ഞെടുത്തവരിലാണ് പരീക്ഷണം നടത്തുന്നത്.

ഇതുകൂടാതെ വൈറസ് ബാധ സ്ഥിരീകരിച്ച ചിലരില്‍ മരുന്നായും കോവാക്‌സിന്‍ പരീക്ഷിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടോ എന്നാണ് ആദ്യ ഘട്ടത്തില്‍ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെതിരെ വാക്‌സിന്‍ പ്രയോജനപ്രദമാകുമോ എന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ സാധിയ്ക്കില്ല.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് എന്ന കമ്പനിയും എസിഎംആറും, നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റു ഘട്ടങ്ങളിലേക്ക് പരീക്ഷണം വ്യാപിപ്പിയ്ക്കുക. നേരത്തെ എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :