സുമീഷ് ടി ഉണ്ണീൻ|
Last Modified വെള്ളി, 4 ജനുവരി 2019 (15:01 IST)
ഹൈദരാബാദ്: സിനിമയില്‍ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ലെന്ന് പ്രഭാസിനോട് കോടതി. പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈദരാബാദ് കോടതിയുടെ പരാമർശം
സർക്കാർ ഭൂമി കയ്യേറി ഗസ്റ്റ് ഹൌസ് നിർമ്മിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രഭാസിന്റെ ഗസ്റ്റ് ഹൌസ് റവന്യു വകുപ്പ് പിടിച്ചെടുത്തിരുന്നു. ആനന്ദ്പൂർ ജില്ലയിലെ റായ്ദര്‍ഗം എന്ന സ്ഥലത്തുള്ള പ്രഭാസിന്റെ ഗസ്റ്റ് ഹൌസ് സ്ഥിതി ചെയ്യുന്നതടക്കമുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് മൂന്ന് മാസങ്ങൾക്ക് മുൻപ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
എന്നാൽ നോട്ടിസ് നൽകാതെയാണ് റവന്യു വകുപ്പ് ഗസ്റ്റ് ഹൌസ് പിടിച്ചെടുത്തത് എന്ന് ആരോപിച്ച് പ്രഭാസിന്റെ പിതാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് കോടതി പരാമർശം. പ്രഭാസ് ഭുമി തട്ടിപ്പുകാരനാണെന്ന ഗുരുതര ആരോപണമാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഉന്നയിച്ചത്.
പ്രഭാസിന്റെ ഹർജിയിലെ ആരോപണവും റവന്യു വകുപ്പ് നിഷേധിച്ചു ഗസ്റ്റ് ഹൌസിൽ ആൾ ഇല്ലാതിരുന്നതിനാൽ നോട്ടീസ് പതിച്ച് മടങ്ങുകയായിരുന്നു എന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം ഹർജി കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി വക്കുകയായിരുന്നു.