ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല, രാജ്യത്തെ 18 അതിർത്തി ചെക്‌പോസ്റ്റുകൾ അടച്ചു

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 13 മാര്‍ച്ച് 2020 (20:23 IST)
ഡൽഹി: രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര സർക്കാർ. വൈറസിന്റെ വ്യാപനം തടയുന്നതിനായി രജ്യാന്തര അതിർത്തികളിലെ ചെക്പോസ്റ്റുകൾ അടച്ചിടാൻ തീരുമാനിച്ചതായും കേന്ദ്ര സർക്കർ വ്യക്തമാക്കി. 37 രാജ്യാന്തര അതിർത്തികളിലെ 18 ചെക്‌പോസ്റ്റുകൾ താൽക്കാലികമായി അടച്ചിടും. ബംഗ്ലാദേശിലേക്കുള്ള ബസ് ട്രെയിൻ സർവീസുകൾ ഏപ്രിൽ 15 വരെ നിർത്തിവച്ചു.

ഇറാനിൽനിന്നും തിരികെയെത്തിയ 44 പേർ നിരീക്ഷണത്തിലാണ്. പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ജപ്പാനിൽനിന്നുമെത്തിയ 112 പേരെയും ചൈനയിൽ നിന്നുമെത്തിയവരെയും ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്തു. ഇവർ വീടുകളിൽ ക്വറന്റൈൻ പൂർത്തിയാക്കണം. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ശനിയാഴ്ച എയർ ഇന്ത്യ വിമാനം പുറപ്പെടും. ഞായറാഴ്ച വിമാനം ഡൽഹിയിൽ തിരികെയെത്തും.

അതേസമയം സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്കുകൂടി സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്നും തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിക്കും, ഇറ്റലിയിനിന്നും യുഎഇ വഴി എത്തിയ തിരുവനന്തപുരം സ്വദേശിക്കും, വർക്കല സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇറ്റലി സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദേശിക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ കോവിഡ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :