വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 19 നവംബര്‍ 2020 (08:20 IST)
കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ നിരന്തരം വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിയ്ക്കുന്ന
കപിൽ സിബൽ ഉൾപ്പടെയുള്ള നേതാക്കൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കോൺഗ്രസ്സ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസ്സ് ചേർന്ന ഇടമല്ല എന്ന തോന്നലുള്ളവർക്ക് പുതിയ പാർട്ടി ഉണ്ടാക്കുകയോ, മറ്റു പാർട്ടികളിൽ ചേരുകയോ ചെയ്യാമെന്നായിരുന്നു അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.
'കോൺഗ്രസ്സ് തങ്ങൾക്ക് ചേർന്ന പാർട്ടിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ. അവർക്ക് പുതിയ പാർട്ടി രൂപീകരിയ്ക്കാം, അതല്ലങ്കിൽ പുരോഗമനപരമെന്നും തങ്ങൾക്ക് ചേർന്നതെന്നും തോന്നുന്ന പാർട്ടികളിലേയ്ക്ക് അവർക്ക് ചേരാം. ഇപ്പോൾ വിമർശനമുന്നയിയ്ക്കുന്ന കാപിൽ സിബൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലോ മറ്റു സംസ്ഥാനങ്ങളിലെ ഉപ തെരഞ്ഞെടുപ്പിലോ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. എന്നിട്ട് വെറുതെ വിമർശനം ഉന്നയിയ്ക്കുകയാണെന്നും' അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ഉത്തരേന്ത്യയിൽ കോൺഗ്രസ്സിന് പ്രസക്തി നഷ്ടമായി എന്നതടക്കം ഗുരുതരമായ വിമർശനമാണ് ബിഹാർ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കപിൽ സിബൽ നേതൃത്വത്തിനെതിരെ ഉന്നയിച്ചത്.