അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മെയ് 2022 (17:25 IST)
രാഹുൽഗാന്ധി പങ്കെടുത്തത് സുഹൃത്തിന്റെ വിവാഹത്തിനെന്ന് കോൺഗ്രസ്. രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ പങ്കെടുത്തെന്ന ബിജെപി ആരോപണത്തിന് പ്രതികരണമായാണ് കോൺഗ്രസ് ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളിലുള്ള സുഹൃത്തിന്റെ വിവാഹത്തിനാണ് രാഹുൽ പോയത്. മോദിയെ പോലെ നവാസ് ഷെരീഫിനൊപ്പം ക്ഷണിക്കപ്പെടാതെ കേക്ക് മുറിക്കാൻ
രാഹുൽ ഗാന്ധി പാകിസ്ഥാനിലേക്ക് പോയിട്ടില്ലെന്നും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധി ഒരു മാധ്യമപ്രവർത്തകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് രാജ്യമായ നേപ്പാളിലേക്ക് പോയി. അതിലെന്താണ് പ്രശ്നം. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കുന്നത് നമ്മുടെ സംസ്‌കാരമാണ്. പ്രധാനമന്ത്രിയും ബിജെപിയും ചേർന്ന് സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിവാഹത്തിൽ പങ്കെടുക്കുന്നത് കുറ്റകൃത്യമായി തീരുമാനിച്ചേക്കാം'. സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുക്കുന്ന വീഡിയോ ബിജെപി വിവാദമാക്കിയിരുന്നു. കോൺഗ്രസ് പ്രതിസന്ധി നേരിടുമ്പോൾ രാഹുൽ ഗാന്ധി നിശാ ക്ലബിൽ പാർട്ടിയിലാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോഴും രാഹുല്‍ ഗാന്ധി നിശാപ്പാര്‍ട്ടിയിലായിരുന്നുവെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.