സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് തോക്ക് ചോദിച്ചു വാങ്ങി, കോയമ്പത്തൂര്‍ ഡിഐജി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

രേണുക വേണു| Last Modified വെള്ളി, 7 ജൂലൈ 2023 (10:31 IST)

കോയമ്പത്തൂര്‍ ഡിഐജി വിജയകുമാര്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെള്ളിയാഴ്ച രാവിലെ റേസ് കോര്‍സിലെ ക്യാംപ് ഓഫീസില്‍ വെച്ചാണ് സംഭവം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. പ്രഭാത നടത്തത്തിനു പോയ വിജയകുമാര്‍ 6.45 ഓടെ തിരിച്ചെത്തി. തുടര്‍ന്ന് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനോട് റിവോള്‍വര്‍ ചോദിക്കുകയായിരുന്നു. റിവോള്‍വറുമായി ഓഫീസില്‍ നിന്ന് ഇറങ്ങിയ അദ്ദേഹം 6.50 ഓടെ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ക്യാംപ് ഓഫീസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരാണ് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്.

ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ആഴ്ചകളായി തനിക്ക് ഉറക്കം കിട്ടുന്നില്ലെന്നും താന്‍ വിഷാദത്തിലാണെന്നും വിജയകുമാര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഡിഐജിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് സേനയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2009 ലാണ് സര്‍വീസില്‍ പ്രവേശിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കോയമ്പത്തൂര്‍ ഡിഐജിയായി ചുമതലയേറ്റത്. 45 കാരനായ വിജയകുമാര്‍ കോയമ്പത്തൂര്‍ നഗരത്തിലെ റെഡ് ഫീല്‍ഡിലെ തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :