പാക് സൈനിക മേധാവിയുടെ പരാമർശം; ചുട്ടമറുപടിയുമായി ഇന്ത്യ

  ജനറല്‍ റഹീല്‍ ഷെരീഫ് , പാകിസ്ഥാന്‍ , ഇന്ത്യ , ബിജെപി , കാശ്‌മീര്‍ വിഷയം
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (20:53 IST)
പാകിസ്ഥാൻ കരസേനാ മേധാവിയുടെ പ്രകോപന പ്രസ്താവനയ്ക്കെതിരെ ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഭീഷണി അദ്ദേഹത്തിനു പാകിസ്ഥാനില്‍ ജീവിച്ചു പോകേണ്ടതിനാലാണെന്നു കേന്ദ്ര വിദേശകാര്യവകുപ്പു സഹമന്ത്രി വികെ സിംഗ് വ്യക്തമാക്കി. ജനറൽ റഹീൽ ഷെരീഫിന്റേത് പൊള്ളയായ പൊങ്ങച്ചമാണെന്ന് ബിജെപി സെക്രട്ടറി ശ്രീകാന്ത് ശർമ്മ പറഞ്ഞു. പാകിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങളിലുള്ള നിരാശയും ഇന്ത്യയിലെ തീവ്രവാദം പാക് സ്പോൺസേർഡ് ആണെന്ന തുറന്നു പറച്ചിലുമാണ് പ്രസ്താവനയ്ക്കു പിന്നിലെന്ന് ശർമ്മ പ്രതികരിച്ചു.

പകൽ സ്വപ്നങ്ങൾ തുടരുന്നത് ഇന്ത്യയെ നേരിടുന്നതിലെ പക്വതയില്ലായ്മയാണ് കാട്ടുന്നതെന്ന് മറ്റൊരു സെക്രട്ടറി സിദ്ദാ‌ർത്ഥ് നാഥ് സിംഗ് പറഞ്ഞു. യുദ്ധ താൽപര്യം വെളിവാക്കുന്ന പ്രസ്താവന യുക്തിരഹിതമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി പറഞ്ഞു. തീവ്രവാദികൾക്ക് സുരക്ഷിത അഭയ സ്ഥാനമാകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കുക എന്നതാണ് ലോകത്തിന്റെ പൂർത്തിയാകാത്ത അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ പ്രകോപിപ്പിച്ച് പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ് രംഗത്തെത്തിയിരുന്നു. തങ്ങളുമായി ഒരു യുദ്ധത്തിന് തുനിഞ്ഞാല്‍ ഇന്ത്യക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കും. ചെറുതോ വലുതോ ആയ ഏതുതരത്തിലുമുള്ള യുദ്ധവും നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. സൈന്യം അതിന് എന്നും സജ്ജമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തിന്റെ വലുപ്പമോ യുദ്ധത്തിന്റെ രീതിയോ പ്രശ്‌നമല്ല. ശത്രു രാജ്യം ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാലും വളരെ വലിയ വില നല്‍കേണ്ടി വരും. കശ്മീരിനെ വിഭജനത്തിന്റെ പൂര്‍ത്തീകരിക്കാത്ത അജണ്ടയാണ്. ഈ വിഷയം ഐക്യരാഷ്ട്രസഭാ പ്രമേയമനുസരിച്ച് പരിഹരിക്കണമെന്നും പാക് സൈനിക മേധാവി ആവശ്യപ്പെട്ടു.1965-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50മത്
വാര്‍ഷിക വേളയില്‍ റാവല്‍പിണ്ഡിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റഹീല്‍ ഷെരീഫ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :