ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിച്ചപ്പോൾ തടഞ്ഞു, വെടിയുതിർത്തത് ചൈന: ഇന്ത്യൻ സേന

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (11:43 IST)
ഡല്‍ഹി: പംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തെ ഉയർന്ന പ്രദേശത്തുനിന്നും ഇന്ത്യ വെടിയുത്തു എന്ന ചൈനീസ് വാദത്തെ തള്ളി ഇന്ത്യൻ സേന. ധാരണകൾ ലംഘിച്ച് എൽഎ‌സിയിലേയ്ക്ക് നീങ്ങിയ ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തടഞ്ഞു എന്നും ഇതോടെ ചൈനീസ് സേന പലവട്ടം ആകാശത്തേയ്ക്ക് വെടിയുതിർക്കുകയായിരുന്നു എന്നും ഇന്ത്യൻ സേന വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് റിപ്പോർട്ട് ചെയ്തത്.


സൈനിക, നയതന്ത്ര, രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ പ്രകോപനപരമായ നടപടികള്‍ തുടരുകയാണ് ചൈനീസ് സേന. കഴിഞ്ഞ ദിവസം യഥാര്‍ഥ നിയന്ത്രണ രേഖയിലേക്ക് നീങ്ങിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന പ്രതിരോധിച്ചപ്പോള്‍ ചൈനീസ് സേന ആകാശത്തേക്ക് പലവട്ടം വെടിവച്ചു. ഇന്ത്യന്‍ സേന ഈ ഘട്ടത്തിലെല്ലാം നിയന്ത്രണം പാലിക്കുകയായിരുന്നു
ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ ലംഘിയ്ക്കുകയോ, വെടിയുതിർക്കുകയോ ചെയ്തിട്ടില്ല.

ശാന്തിയും സമാധാനവും പാലിക്കാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പാംഗോങ് തടാകത്തിന് തെക്കുഭാഗത്തുള്ള പ്രദേശത്തുനിന്ന് ഇന്ത്യൻ സൈനികർ വെടിയുതിർത്തപ്പോൾ പ്രതിരോധത്തിനായി വെടിയുതിർക്കാൻ നിർബ്ബന്ധിതരായി എന്നായിരുന്നു ചൈനയുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :