priyanka|
Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2016 (15:21 IST)
ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന് അതൃപ്തി. ജഡ്ജിമാരുടെ നിയമനങ്ങളെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതിനാലാണ് ചീഫ് ജസ്റ്റിസ് തന്റെ പ്രസംഗത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.
സുപ്രീം കോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനത്തിന് നടപടി സ്വീകരിക്കാത്തതിന് രണ്ട് ദിവസം മുന്‍പ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ അടയിരിക്കുകയാണെന്നെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ് ഇത് മറികടക്കാന്‍ നിയമം പാസാക്കുന്നതിന് തങ്ങളെ നിര്‍ബന്ധിക്കരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി കൂടി പങ്കെടുത്ത ചടങ്ങില്‍വെച്ച് രാജ്യത്തെ ജഡ്ജിമാരുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് വികാരാധീതനായിരുന്നു. ജഡ്ജിമാരുടെ കുറവ് നിയമവ്യവസ്ഥയ്ക്ക് ഭാരമാകുന്നെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ജഡ്ജിമാരുടെ കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും ഇതിനെ കുറിച്ച് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഒരു പരാമര്‍ശവും നടത്താത്തതാണ് ചീഫ് ജസ്റ്റിസിനെ അതൃപ്തനാക്കിയിരിക്കുന്നത്.