ജെല്ലിക്കെട്ട്: പൊന്‍ രാധാകൃഷ്ണന് അഭിമാന പ്രശ്‌നം; ബിജെപി കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ പോര് മുറുകുന്നു

ജെല്ലിക്കെട്ട്: ബിജെപി കേന്ദ്രമന്ത്രിമാര്‍ കൊമ്പുകോര്‍ക്കുന്നു

ചെന്നൈ| priyanka| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (10:28 IST)
ജെല്ലിക്കെട്ട് നിരോധനം ബിജെപിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത്. നിരോധനം അംഗീകരിക്കാന്‍ ജനം തയ്യാറാകണമെന്നു മന്ത്രി മേനക ഗാന്ധി വശ്യപ്പെട്ടു. അതേസമയം നിരോധനം നീക്കി 2017ലെ പൊങ്കല്‍ ആഘോഷത്തിനു ജെല്ലിക്കെട്ടുനടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന നിലപാടിലാണു മന്ത്രി പൊന്‍ രാധാകൃഷ്ണന്‍.

രാജ്യത്തെ ഭൂരിപക്ഷവും ജെല്ലിക്കെട്ടിനെതിരാണെന്നു മേനക ഗാന്ധി പറയുന്നു. ഇക്കാര്യത്തില്‍ തനിക്കോ ബിജെപിക്കോ മറ്റാര്‍ക്കെങ്കിലുമോ അഭിപ്രായം പറയാനാകില്ല. ജെല്ലിക്കെട്ട് നിരോധിച്ചതിനു സുപ്രിംകോടതിയുടെ ഉത്തരവ് എല്ലാവരും മാനിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. ജെല്ലിക്കെട്ട് നിരോധനത്തിനു വേണ്ടി എന്നും ശക്തമായി രംഗത്തുണ്ടായിരുന്നയാളാണു മേനക ഗാന്ധി. മേനകയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം മധുര മേഖലയില്‍ ഉയരുന്നുണ്ട്. അതിനിടെയാണ് മേനകയുടെ നിലപാട് തള്ളി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്.

സുപ്രിംകോടതി ഏര്‍പ്പെടുത്തിയ നിരോധനം നീക്കാനുള്ള ശ്രമത്തിലാണു ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി നേതൃത്വം ജെല്ലിക്കെട്ട് നിരോധനം നീക്കാനായി ശക്തമായി രംഗത്തുണ്ട്. സുപ്രിംകോടതി ഉത്തരവിനെ മറികടക്കാനായ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും മൃഗസ്‌നേഹികളുടെ സംഘടന ഇതിനെതിരെ രംഗത്തെത്തുകയും സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :