ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 20 നവംബര്‍ 2015 (13:44 IST)
കേന്ദ്രസര്‍ക്കാര്‍ പ്രതീഷയോടെ ആവിഷ്‌കരിച്ച സ്വര്‍ണനിക്ഷേപ പദ്ധതി പരാജയത്തിലേക്ക്. പദ്ധതി നിലവില്‍ വന്നിട്ട് രണ്ടാഴ്ചയായെങ്കിലും പദ്ധതിയുടെ ഭാഗമായി ബാങ്കുകളിലാകെ നിക്ഷേപമായി ഇതുവരെ കിട്ടിയത് 400 ഗ്രാം സ്വര്‍ണമാണ്.
സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ബോണ്ടാക്കി മാറ്റുന്ന പദ്ധതിയും ആയിരുന്നു സ്വര്‍ണനിക്ഷേപ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വീട്ടിലും ബാങ്ക് ലോക്കറിലുമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ നേടാന്‍ ആയിരുന്നു പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്.
വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയില്‍ എത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്‌ഷ്യം. അങ്ങനെ സ്വര്‍ണം വിപണിയിലെത്തിച്ച് സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനായിരുന്നു സര്‍ക്കാര്‍ ലക്‌ഷ്യമിട്ടത്.
ഏകദേശം 52 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 20,000 ടണ്‍ സ്വര്‍ണം രാജ്യത്തെ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
സ്വര്‍ണനിക്ഷേപ പദ്ധതി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
പദ്ധതിയില്‍ ഭാഗമായി നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ അളവ് 30 ഗ്രാം ആണ്. ബാങ്കില്‍ സ്വര്‍ണ നിക്ഷേപ അക്കൌണ്ട് തുറന്നു വേണം പദ്ധതിയുടെ ഭാഗമാകാന്‍. ഒന്നു മുതല്‍ പതിനഞ്ചു വര്‍ഷം വരെ ആയിരിക്കും സ്വര്‍ണനിക്ഷേപ കാലാവധി. എന്നാല്‍, പണമായി മാത്രമേ തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ. തിരിച്ചെടുക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ വില അനുസരിച്ചാണ് പലിശ കണക്കാക്കുക.
എന്താണ് ബോണ്ട് പദ്ധതി ?
ബോണ്ട് പദ്ധതി വഴി ലക്‌ഷ്യം വയ്ക്കുന്നത് സ്വര്‍ണം വാങ്ങുന്നത് നിക്ഷേപമാക്കി മാറ്റുക എന്നാണ്. അഞ്ച്, 10, 50, 100 ഗ്രാമിന്റെ സ്വര്‍ണ ബോണ്ടുകള്‍ ഇതിലൂടെ വാങ്ങാം. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയായിരിക്കും കാലാവധി. ഇതിന് പലിശ നിര്‍ണയിക്കുക നിക്ഷേപ സമയത്തെ സ്വര്‍ണവില അടിസ്ഥാനമാക്കിയായിരിക്കും.
ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമേ പദ്ധതിയില്‍ പങ്കാളിയാകാന്‍ പറ്റുകയുള്ളൂ.