കെടുതിയെ നേരിടാൻപോലും കേരളത്തിന് സൌജന്യ അരിയില്ല; കേന്ദ്രം നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി നൽകണം, ഇല്ലെങ്കിൽ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കുറക്കും

Sumeesh| Last Updated: ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:21 IST)
ഡൽഹി: പ്രളയത്തെ തുടർന്ന് കടുത്ത ദുരിതം അനുഭവിക്കുമ്പോഴൂം കേരളത്തിന് സൌജന്യ അരി നൽകാൻ തയ്യാറായില്ല. കേന്ദ്രം നൽകിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി രൂപ കേരള സർക്കാർ നൽകണം. കേരളം ഉടൻ പണം നൽകേണ്ടതില്ലെന്നും എന്നാൽ പണം നൽകാത്ത പക്ഷം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈ പണം കുറക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

നേരത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിനു വിദേശ രാജ്യങ്ങളുടെയും സംഘടനകളുടെയും സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അറേബ്യൻ രാജ്യങ്ങളും ജപ്പനും ഐക്യരാഷ്ട്ര സഭയുമടക്കം കേരളത്തിന് സഹായങ്ങൾ നൽകാൻ മുന്നോട്ട് വന്നതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ കേരളം തൃപ്തരാണ്. രാജ്യത്തിനു തന്നെ സ്ഥിതി നിയന്ത്രിക്കാനാകുമെന്നും മറ്റു രാജ്യങ്ങളുടെയും അന്തർദേശീയ സംഘടനകളുടെയും സഹായങ്ങൾ നിലവിൽ ആവശ്യമില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :