എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തത് 50,513 കോടി: സിഎജി

ന്യുഡല്‍ഹി| VISHNU.NL| Last Modified ശനി, 19 ജൂലൈ 2014 (14:18 IST)
പൊതുമേഖല പെട്രോളിയം വിതരണ കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകള്‍ തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും വില നിര്‍ണ്ണയ രീതികളില്‍ അപാകതയുണ്ടെന്നും കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. ഇന്ധനവില നിര്‍ണയ രീതി റിഫൈനറികളുടെ യഥാര്‍ഥ പ്രവര്‍ത്തന ചെലവുമായി പൊരുത്തപ്പെടുന്നതല്ലെന്നും സിഎജി കണ്ടെത്തി.

ഇത്തരത്തില്‍ 2007 മുതല്‍ 2012 വരെ അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണ കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് തട്ടിയെടുത്തത് 50,513 കോടി രൂപയാണെന്നും സിഎജി വെള്ളിയാഴ്ച പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഭ്യന്തര ഉപഭോഗം നേരിടുന്നതിനായി സ്വകാര്യ റിഫൈനറികളില്‍ നിന്നും സര്‍ക്കാര്‍ റിഫൈനറികള്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങിയത് ഇറക്കുമതി ചെലവ് ഉള്‍പ്പെടെ നല്‍കിയാണ്. സ്വകാര്യ റിഫൈനറികളും ഇതിന്റെ നേട്ടം കൊയ്യുന്നതായും ഇറക്കുമതിയുമായി ബന്ധപ്പെട്ട ചെലവുകള്‍ പരിഹരിക്കാന്‍ എണ്ണ കമ്പനികള്‍ക്കു ഫണ്ട് അനുവദിച്ചതുവഴി 26,626 കോടി നഷ്ടം വന്നതായും സി‌എജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇറക്കുമതിയുമായി ബന്ധപ്പെട്ട നിരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ എല്‍പിജി, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില്‍പ്പനയിലാണ് കമ്പനികള്‍ക്ക് വരുമാനം ഏറി. ഹൈ സ്പീഡ് ഡീസല്‍ ഇനത്തില്‍ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസും എസ്സാര്‍ ഓയില്‍ കമ്പനിയും 2011-12 വര്‍ഷത്തില്‍ നേടിയത് 667 കോടി രൂപയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :