ഡല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്ന് വീണ് പത്ത് മരണം

ബിഎസ്എഫ് വിമാനം തകര്‍ന്നു , ബിഎസ്എഫ് , വിമാനം തകര്‍ന്ന് അപകടം
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (12:16 IST)
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ബിഎസ്എഫിന്റെ ചെറുവിമാനം തകര്‍ന്നുവീണു പത്തുപേര്‍ മരിച്ചു. ബിഎസ്എഫിന്റെ എഞ്ചിനീയറിംഗ് ടീമിലെ എട്ട് പേരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിലുണ്ടായിരുന്നത്‌. ബിഎസ്എഫിന്‍റെ ചെറുവിമാനമായ സൂപ്പര്‍ കിംഗ് ചെറുവിമാനമാണ് ദ്വാരക സെക്ടര്‍- 8ലെ ബഗ്ഡോള ഗ്രാമത്തില്‍
തകര്‍ന്നുവീണത്.

ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച രാവിലെ 9: 50 ഓടെയായിരുന്നു സംഭവം. ഡല്‍ഹിയില്‍ നിന്നു റാഞ്ചിയിലേക്കു പുറപ്പെട്ട ബിഎസ്എഫിന്റെ സൂപ്പര്‍ കിംഗ് ചെറുവിമാനമാണ് അപകടത്തില്‍പെട്ടത്. 9:45 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. വിമാനത്തിന് സാങ്കേതികതകരാര്‍ ഉണ്ടെന്ന് സൂചന ലഭിച്ചതോടെ പൈലറ്റ് വിമാനം തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ മതിലിൽ ഇടിച്ച് മാലിന്യ പ്ളാന്റിലേക്ക് വീഴുകയായിരുന്നു. തകരുന്നതിന് മുന്പ് ആകാശത്ത് വച്ച് വിമാനം വട്ടത്തിൽ ചുഴറ്റപ്പെട്ടതായി ദൃക്‌സാക്ഷികൾ പറ‌ഞ്ഞു.

മൂടല്‍ മഞ്ഞ് പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് പ്രഥമിക നിഗമനം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 18 അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തെത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വ്യോമായന മന്ത്രാലയം ഉത്തരവിട്ടു. റാഞ്ചിയിൽ കേടായ ഹെലികോപ്ടർ നന്നാക്കാൻ പോയ ടെക്നീഷ്യന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ബിഎസ്എഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :