കള്ളപ്പണക്കാരുടെ അക്കൗണ്ടുകളില്‍ പകുതിയോളം ശൂന്യമെന്ന് എസ്ഐടി

ന്യൂഡല്‍ഹി| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (09:56 IST)
ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിന്ന് ലഭിച്ച ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ പകുതിയോളം ശൂന്യമെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്ഐടി). സര്‍ക്കാരിന് ലഭിച്ച പട്ടികയിലെ 122 പേരുകള്‍ ഇരട്ടിപ്പാണെന്നും കണ്ടെത്തി. വിദേശത്തെ കള്ളപ്പണനിക്ഷേപം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിട്ടുള്ള കരാറുകള്‍ പുനഃപ്പരിശോധിക്കണമെന്നും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എസ്ഐടി ശുപാര്‍ശ ചെയ്തു.

627 അക്കൗണ്ടുകളുടെ പട്ടികയാണ് സര്‍ക്കാര്‍ അടുത്തിടെ സുപ്രീംകോടതിയിലും എസ്ഐടിക്കും നല്‍കിയത്. ഇതില്‍ 350 പേരുകള്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടേതാണ്. ബാക്കിയുള്ളവര്‍ പ്രവാസി ഇന്ത്യക്കാരും. പ്രവാസികള്‍ക്കെതിരേ ആദായനികുതി പ്രകാരം നടപടിയെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ താമസക്കാരായ 350 പേര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടപടികള്‍ ആലോചിക്കുന്നതിനിടെയാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍ പുറത്തുവരുന്നത്.

എച്ച്എസ്ബിസിയിലെ 289 അക്കൗണ്ടുകളില്‍ തുകയൊന്നും തന്നെ കാണിച്ചിട്ടില്ലെന്ന് സര്‍ക്കാരിനെ എസ്ഐടി അറിയിച്ചിട്ടുണ്ട്. പേരുകള്‍ മാത്രമാണ് കൈമാറിയിരിക്കുന്നത്. അക്കൗണ്ടുകള്‍ എന്ന് തുടങ്ങിയെന്നോ പണമിടപാടിന്റെ വിവരങ്ങളോ ലഭിച്ചിരുന്നില്ല. നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസം ഇതായിരുന്നുവെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.

പട്ടികയിലെ 150 പേരുടെ വസതിയിലും മറ്റും തിരച്ചില്‍ നടത്തിയ എസ്ഐടി അവര്‍ക്കെതിരെ നടപടികളൊന്നും തന്നെയെടുത്തില്ല. സുപ്രീംകോടതി നിര്‍ദേശപ്രകാരം അടുത്ത കൊല്ലം മാര്‍ച്ച് 15-ന് മുമ്പ് ഈ അക്കൗണ്ടുകളുടെ കാര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണം. ഇത് കണക്കിലെടുത്ത് 300-ഓളം കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :