മുംബൈ|
VISHNU N L|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (14:26 IST)
ചെറിയ ഇടക്കാലത്തിനു ശേഷം മഹാരാഷ്ട്രയില്‍ വീണ്ടും ഭരണകക്ഷിയായ ബിജെപി-
ശിവസേന സഖ്യത്തില്‍ പൊട്ടിത്തെറി. പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹ്‌മൂദ് കസൂരിയുടെ പുസ്തകപ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ട്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിലപാടുകളാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം.
ഖുർഷിദ് മഹ്‌മൂദ് കസൂരിയുടെ പുസ്തക പ്രകാശനം റദ്ദാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു കൂട്ടാക്കാതെ പുസ്തകപ്രകാശനച്ചടങ്ങിനു വേദിയൊരുക്കിയ ബിജെപി മുൻ ദേശീയ സെക്രട്ടറി സുധീന്ദ്ര കുൽക്കർണിയുടെ മുഖത്തു ശിവസേനാ പ്രവർത്തകർ കറുത്ത പെയിന്റ് ഒഴിച്ചിരുന്നു. ഇതിനു പിന്നാലെ പുസ്തക പ്രകാശനത്തിന് മഹാരാഷ്ട്ര സർക്കാർ ആവശ്യമായ സുരക്ഷ നൽകുകയും പരിപാടി നടക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് ശിവസേനയെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.
വിഷയം ശിവസേന മന്ത്രിമാര്‍ രാജി വയ്ക്കുന്നതിലേക്കും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്കും കൊണ്ടെത്തിക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ശിവസേന നേതാക്കൾ മുൻപുണ്ടായിരുന്ന പോലെ സഹകരിക്കുന്നില്ലെന്ന് ബിജെപി നേതാവും ആരോപിച്ചു. അതിനു പിന്നാലെ വരുന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന സഖ്യം വേണ്ടെന്നുമാണ് സേനയുടെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.