ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 11 നവംബര്‍ 2015 (10:05 IST)
ബീഹാറില്‍ നിന്നേറ്റ കനത്ത പരാജയത്തില്‍ ബിജെപിയില്‍ വാക്കുതര്‍ക്കവും ഭിന്നതയും രൂക്ഷവും. പുതിയ നേതൃത്വത്തിനു കീഴില്‍ ഒരുവര്‍ഷം കൊണ്ട് പാര്‍ട്ടി നിർവീര്യമായി. ജയത്തിന്റെ ക്രഡിറ്റ് ഏറ്റുവാങ്ങുന്ന നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്വവും ഏറ്റുവാങ്ങണമെന്നുമാണ് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കുന്നത്. എൽകെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവരുടെ സംഘമാണ് നരേന്ദ്ര മോഡി- അമിത്ഷാ അച്ചുതണ്ടിനെതിരേ തിരിഞ്ഞത്.
പുതിയ നേതൃത്വത്തിനു കീഴില്‍ ബിജെപിയുടെ സ്വാഭാവിക സ്വത്വം നഷ്ടമായി. ഡല്‍ഹിയില്‍ നിന്നേറ്റ പരാജയം ബീഹാറിലും ആവര്‍ത്തിച്ചു. ഡല്‍ഹി നല്‍കിയ പാഠം ഉള്‍ക്കൊള്ളാന്‍ മോഡിയും അമിത് ഷായും ശ്രമിക്കാത്തതിന്റെ തെളിവാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം. തോല്‍വിക്ക് ശേഷം എല്ലാവര്‍ക്കും ഉത്തരവാദിത്വം എന്നു പറയുന്നതില്‍ ന്യായമില്ല. ജയത്തിന്റെ അവകാശം ഏറ്റെടുക്കുന്നവര്‍ തോല്‍വിയുടെ കാരണവും വ്യക്തമാക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ലക്ഷ്യമാക്കി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോഡിയും അമിത്‌ഷായും വർഗീയത കുത്തിവച്ചുവെന്ന് ബിഹാറിൽനിന്നുള്ള മുതിർന്ന എംപി ഭോലാ സിംഗ് പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സംവരണപരാമർശവും നേതാക്കളുടെ വര്‍ഗീയ പ്രസ്‌താവനകളും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.