ന്യൂഡൽഹി|
VISHNU N L|
Last Modified ശനി, 13 ജൂണ്‍ 2015 (14:09 IST)
ഡല്‍ഹിയില്‍ ശമ്പള കുടിശ്ശികയുടെ പേരില്‍ മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാർ നടത്തുന്ന സമരത്തില്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിനെതിരായി ബിജെപി പ്രവര്‍ത്തകര്‍ ചൂലെടുക്കുന്നു. രണ്ടാഴ്ചകളായി തുടരുന്ന ശുചിത്വ തൊഴിലാളികളുടെ സമരത്തെ തുടർന്ന് ആയിരക്കണക്കിന് ടൺ മാലിന്യമാണ് ഡൽഹിയിൽ പല ഭാഗങ്ങളിലുമായി കൂടിക്കിടക്കുന്നത്. ഇതിനെ ചൊല്ലി ആം ആദ്മി പാർട്ടിയും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു.
ഒടുവില്‍ ജീവനക്കാർക്ക് കഴിഞ്ഞ രണ്ട് മാസത്തെ ശന്പള കുടിശ്ശിക നൽകാനായി 493 കോടി രൂപ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകാമെന്ന് ലഫ്. ഗവർണർ നജീബ് ജങ് വെള്ളിയാഴ്ച അറിയിച്ചതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. എന്നാല്‍ മാലിന്യ നീക്കം സ്തംഭിച്ചതിനാല്‍ ജീവനക്കാരെ സഹായിക്കാനായി ആം ആദ്മി പാര്‍ട്ടി ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചതൊടെയാണ് ബിജെപിയും ചൂലുമായി രംഗത്തിറങ്ങിയത്.
അടുത്ത 48 മണിക്കൂറുകൾ വീടിന് പുറത്തു തന്നെയുണ്ടാകണമെന്ന് എല്ലാ കൗൺസിലർമാർക്കും തങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡൽഹി ബിജെപി തലവൻ സതീഷ് ഉപാദ്ധ്യായ് പറഞ്ഞു. ജീവനക്കാരുടെ ശന്പളം നൽകേണ്ടത് കേന്ദ്രത്തിന്റെ ജോലിയല്ലെന്നും അത് ഡൽഹി സർക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്പ് ഇവിടെ മറ്റ് പാർട്ടികൾ ഭരിച്ചപ്പോഴൊന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും കേജ്‌രിവാൾ ഗവൺമെന്റ് ബിജെപിയെ വ്യാജമായി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.