ബീഹാറിലെ വോട്ടര്‍ പട്ടികയില്‍ പ്രായപൂര്‍ത്തിയായവരേക്കാള്‍ വോട്ടര്‍മാര്‍

പട്‌ന| VISHNU N L| Last Modified ബുധന്‍, 20 മെയ് 2015 (17:41 IST)
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്തിമ വോട്ടര്‍ പട്ടിക പരിശോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞെട്ടിപ്പോയി. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ടര്‍പട്ടികയില്‍ ഇടം നേടിയതാണ് കമ്മീഷനെ കുഴപ്പിച്ചിരിക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് പതിനെട്ട് വയസ്സ് തികഞ്ഞവരുടെ എണ്ണം 6.01 കോടിയാണ്. എന്നാല്‍, നിലവിലെ വോട്ടര്‍പട്ടിക അനുസരിച്ച് സംസ്ഥാനത്ത് 6.21 കോടി വോട്ടര്‍മാരുണ്ട്.

സപ്തംബര്‍-ഒക്‌ടോബര്‍ മാസങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനു മുമ്പ് വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കുക എന്നത് വെല്ലുവിളിയാണ്. ഇതോടെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നുറപ്പായി. തെരഞ്ഞെടുപ്പ് നടത്തുന്നതിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍ കമ്മീഷന്‍. കാരണം ചില മണ്ഡലങ്ങളില്‍ ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാരാണ് ഉള്ളത്.

തലസ്ഥാനമായ പട്‌നയിലാണ് ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മാത്രം 6.35 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. സരണ്‍ ജില്ലയില്‍ 3.27 ലക്ഷം വ്യാജ വോട്ടര്‍മാരുണ്ടെന്നാണ് കമ്മീഷന് പരാതി നല്‍കിയ പൊതു പ്രവര്‍ത്തകനായ സയ്യിദ് ആദിബ് ആലം പറയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിന്ന് എഴുപതിനായിരത്തോളം പേരുകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :