ബുക്കും ബാഗും വാങ്ങാന്‍ പണമില്ല; 14കാരി ആത്മഹത്യ ചെയ്തു

ഒഡിഷ , ജയന്തി , ഭുവനേശ്വര്‍
ഭുവനേശ്വര്‍| jibin| Last Modified വെള്ളി, 27 ജൂണ്‍ 2014 (14:28 IST)
വീട്ടിലെ കടുത്ത ദാരിദ്രം മൂലം പെന്‍സിലും നോട്ടുബുക്കും വാങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പതിനാലു വയസുകാരി ആത്മഹത്യ ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കുട്ടി സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഒഡിഷയിലെ ഗഞ്ജം ജില്ലയിലെ അസ്‌ക നിവാസിയായ ജയന്തിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് തുടങ്ങിയ അദ്ധ്യയന വര്‍ഷം മുതല്‍ തനിക്ക് പെന്‍സിലും നോട്ടുബുക്കും അടക്കുമുള്ളവ വാങ്ങിത്തരാന്‍ ജയന്തി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. ക്ലാസില്‍ എല്ലാവരും ബുക്കും പെന്‍സിലും മറ്റുമായി എത്തുബോള്‍ തനിക്ക് ഒന്നുമില്ലാത്ത സങ്കടം കുട്ടിയെ മാനസികമായി അലട്ടിയിരുന്നു. എനിക്ക് പെന്‍സിലും നോട്ടുബുക്കും വാങ്ങിത്തരണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കടുത്ത പട്ടിണിയും കൂലിപ്പണിക്കാരനായ ജയന്തിയുടെ പിതാവിന് സ്‌ട്രോക്ക് വന്നതിനാല്‍ ജോലിക്ക് പോകാനും കഴിഞ്ഞില്ല. അതിനാല്‍ രണ്ടുദിവസം കൂടി സാവകാശം തരണമെന്നും മാതാപിതാക്കള്‍ ജയന്തിയെ അറിയിച്ചു. എന്നാല്‍ മറ്റു കുട്ടികള്‍ സ്‌കൂളില്‍ പുതിയ പുസ്തകവും ബാഗുമായി വരുന്നത് കണ്ട് മാനസികമായി തളര്‍ന്ന കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാവ് അടുത്ത വീടുകളില്‍ വീട്ടുജോലി ചെയ്താണ് കുടുംബം ഉപജീവനം കഴിക്കുന്നത്. പെണ്‍കുട്ടിയെ കൂടാതെ മറ്റു മൂന്നു ചെറിയ കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :