ചെന്നൈ|
priyanka|
Last Modified തിങ്കള്‍, 4 ജൂലൈ 2016 (11:58 IST)
ഓള്‍ ടൈം മണി(എല്ലാ സമയവും പണം) എന്നൊക്കെയാണ് പറയുന്നതെങ്കിലും പലപ്പോഴും പല എടിഎം കൗണ്ടറുകളും പ്രവര്‍ത്തന രഹിതമാവുകയും പണം സ്റ്റോക്ക് ഇല്ലാതിരിക്കുകയും ചെയ്യാറുണ്ട്. അത്യാവശ്യ സമയത്ത് പണം കിട്ടാതായാല്‍ നമ്മളില്‍ പലര്‍ക്കും ദേഷ്യവും സങ്കടവുമൊക്കെ വരുമെങ്കിലും അടുത്ത കൗണ്ടര്‍ തപ്പിപിടിച്ച് പണം എടുക്കാറാണ് പതിവ്.
എന്നാല്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെ പെരുങ്കുടിയില്‍ സംഭവിച്ചത് ഇതൊന്നുമല്ല. എടിഎമ്മില്‍ നിന്നും പണം ലഭിക്കാതായതോടെ ദേഷ്യം വന്ന യുവാവ് മെഷിനും കൗണ്ടറിലെ സിസിടിവിയുമൊക്കെ തല്ലിപൊട്ടിച്ചാണ് കലിയടക്കിയത്. കടലോര്‍ അമ്മന്‍കോയില്‍ സ്വദേശി വീരാനാണ് ഈ പരാക്രമങ്ങള്‍ക്ക് പിന്നില്‍. തന്റെ സഹോദരിയെ കാണാനായാണ് വീരാന്‍ പെരുങ്കുടിയില്‍ എത്തിയത്.
രാത്രി വടപളനി തിയറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങിയ വീരാന്‍ പുലര്‍ച്ചെ നാലു മണിയോടെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ കയ്യില്‍ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. പണം പിന്‍വലിക്കാനായി അടുത്തുള്ള എടിഎം കൗണ്ടറില്‍ ചെന്നെങ്കിലും മെഷിനില്‍ നിന്നും പണം ലഭിച്ചില്ല. ഇതോടെയാണ് മെഷിനും കൗണ്ടറിലുണ്ടായിരുന്ന സിസിടിവിയും വീരാന്‍ തല്ലിപ്പൊട്ടിച്ചത്. രാത്രി പെട്രോളിംഗിന് ഇറങ്ങിയ പോലീസ് കൗണ്ടറിന് അരികിലേക്ക് എത്തിയെങ്കിലും വീരാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് ബൈക്കിന്റെ കണ്ണാടിയും വീരാന്‍ പൊട്ടിച്ചു. ഒടുവില്‍ പോലീസ് ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്തു.