അഭിറാം മനോഹർ|
Last Modified ബുധന്‍, 19 ജൂണ്‍ 2024 (18:22 IST)
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി നീട്ടി. ജൂലൈ 3 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 2022ല്‍ റദ്ദാക്കിയ ഡല്‍ഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുകളില്‍ തുടരന്വേഷണം അനിവാര്യമാണെന്നും അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും ഇന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
കേജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്തവാദം കേള്‍ക്കും. കേജ്രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടര്‍ന്ന് ഇടക്കാല ജാമ്യം 7 ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേജ്രിവാള്‍ അപേക്ഷ നല്‍കിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി അനുവദിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.
ഇതിന് പിന്നാലെ കേജ്രിവാള്‍ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയ കോടതി ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂണ്‍ 19 വരെ നീട്ടുകയും ചെയ്തു.