അഭിറാം മനോഹർ|
Last Modified വെള്ളി, 19 നവംബര്‍ 2021 (20:06 IST)
രാജ്യത്തെ സ്‌കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അപ്രൈസല്‍ സംവിധാനം കൊണ്ടുവരുന്നു. ഇതിനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍ പ്രൊഫഷണല്‍ സ്റ്റാന്‍ഡേഡ് ഫോര്‍ ടീച്ചേഴ്‌സ് എന്ന മാര്‍ഗരേഖയയുടെ കരട് തയ്യാറാക്കി. അധ്യാപകരുടെ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും സേവനകാലാവധിയുടെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പുതിയ മാനദണ്ഡങ്ങൾ ഓരോ സംസ്ഥാനങ്ങളും പരിഗണിക്കണമെന്നാണ് മാർഗരേഖയിലെ ശുപാർശ.
ഇതനുസരിച്ച് അധ്യാപകരുടെ കരിയറിൽ ബിഗിനര്‍ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീണ്‍ ശിക്ഷക്), എക്‌സ്പര്‍ട്ട് (കുശാല്‍ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടമുണ്ടാകും.ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തന വിലയിരുത്തലിന്റേയും നേടുന്ന വിദഗ്ധ പരിശീലനത്തിന്റേയും അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും സ്ഥാനക്കയറ്റം കിട്ടുക.
പ്രവര്‍ത്തന വിലയിരുത്തലിനും സ്ഥാനക്കയറ്റം അനുവദിക്കുന്നതിനുമുള്ള നിയന്ത്രണ സമിതിയായി പ്രവര്‍ത്തിക്കുക എന്‍സിടിഇ ആയിരിക്കും.പ്രഫഷനല്‍ നിലവാര മാനദണ്ഡങ്ങള്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും വിലയിരുത്തി പരിഷ്‌കരിക്കും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും.കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം