പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവർ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലെന്ന് യോഗി ആദിത്യനാഥ്

അഭിറാം മനോഹർ| Last Modified വെള്ളി, 31 ജനുവരി 2020 (11:45 IST)
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്ഥാന്റെ ഭാഷയിലാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ സംസാരിക്കുന്നതെന്നും ഇത്തരം പ്രവർത്തികളെ രാജ്യത്ത് അനുവദിച്ച് കൊടുക്കാനാവില്ലെന്നും യോഗി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഒരു നേഴ്സിങ് കോളേജിന്റെ ബിരുദ ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ നിരവധി ഇടങ്ങളിൽ പ്രതിഷേധങ്ങൾ നടത്തുന്നവർ നേരിട്ടോ അല്ലാതെയോ പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. പ്രതിഷേധത്തിന്റെ പേരിൽ രാജ്യം വഞ്ചിക്കപെടുകയാണ്. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്ത്യ മാത്രമായിരിക്കില്ല മുഴുവൻ ലോകവും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും യോഗി പറഞ്ഞു.

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നല്‍കിയ ഉറപ്പിന് യോജിച്ച രീതിയിലാണ് പൗരത്വനിയമ ഭേദഗതി.1947 ല്‍ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പാകിസ്താനിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന മതവിഭാഗങ്ങള്‍ക്കായി ഇന്ത്യയുടെ വാതില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിരുന്നുവെന്നും യോഗി വ്യക്തമാക്കി.

ഇന്ത്യയിൽ മുസ്ലിംകള്‍ രാജ്യത്തിന്റെ പ്രസിഡന്റുമാരും സുപ്രീംകോടതി ജഡ്ജിമാരും ആയപ്പോൾ പാകിസ്ഥാനിൽ ഉയർന്ന പദവികളിൽ നിങ്ങൾക്കൊരിക്കലും ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന്‍ മതസ്ഥരരെ കാണാനാവില്ലെന്നും യോഗി
കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :