സംവരണം രാജ്യത്തെ നശിപ്പിച്ചു: അണ്ണാഹസാരെ

സികാര്‍| VISHNU N L| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (11:51 IST)
രാജ്യത്ത് നിലനില്‍ക്കുന്ന സം‌വരണ നയത്തിനെതിരെ ഗാന്ധിയനും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ രംഗത്ത്. സംവരണം രാഷ്‌ട്രീയ നേട്ടത്തിനായി പാര്‍ട്ടികള്‍ ഉപയോഗിക്കുകയാണെന്നും സംവരണം രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സ്വാതന്ത്ര്യാനന്തരം കുറച്ച്‌ വര്‍ഷത്തേക്ക്‌ മാത്രമാണ്‌ സംവരണം ഏര്‍പ്പെടുത്തിയത്‌. എന്നാല്‍ ഇപ്പോഴും ഇത്‌ തുടരുന്നത്‌ അംഗീകരിക്കാനാകില്ലെന്നും ഹസാരെ പറഞ്ഞു.

സികാറില്‍ നടത്തിയ റാലിക്കിടെയാണ് ഹസാരെ സംവരണത്തിനെതിരെ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ്‌ പേപ്പറില്‍ നിന്നും ഇലക്‌ട്രോണിക്‌ വോട്ടിംഗ്‌ മെഷീനില്‍ നിന്നും പാര്‍ട്ടികളുടെ ചിഹ്നം എടുത്തു കളയണമെന്നും ഹസാരെ ആവശ്യപ്പെട്ടു. സികാറില്‍ നിന്ന്‌ ആരംഭിക്കുന്ന പ്രക്ഷോഭത്തിന്റെ മുഖ്യ അജണ്ട ഇതാണ്‌. തന്റെ സമരം സര്‍ക്കാരിനെതിരെയല്ല, തിരഞ്ഞെടുപ്പ്‌ കമ്മീഷനെതിരെയാണെന്നും ഹസാരെ പറഞ്ഞു.

അഴിമതി തടയുന്നതില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പരാജയപ്പെട്ടുവെന്നും ഹസാരെ ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ അഴിമതി വിഷയം ഉന്നയിച്ചിരുന്നെങ്കിലും അധികാരത്തില്‍ എത്തിക്കഴിഞ്ഞ്‌ ബി.ജെ.പി മിണ്ടുന്നില്ല. ലോക്‌പാല്‍ ബില്ലിലൂടെ മാത്രമേ അമ്പത്‌ ശതമാനം അഴിമതി തടയാനാകൂ എന്നും ഹസാരെ പറഞ്ഞു.

അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹസാരെയ്ക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ഇന്ന് സികറിൽ ഹസാരെയുടെ നേതൃത്വത്തിൽ ഒരു റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ അണ്ണാ ഹസാരെ സികറിൽ വരരുത് എന്നെഴുതിയ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ഒരുക്കിയത്.

രാജസ്ഥാനിലെ സികറിൽ അണ്ണാ ഹസാരെ താമസിക്കുന്ന വസതിക്കു സമീപം ഇരുചക്രവാഹനത്തിലെത്തിയ അപരിചിതനായ വ്യക്തി കത്ത് വലിച്ചെറിയുകയായിരുന്നുവെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കത്ത് വലിച്ചെറിയുന്നതു കണ്ടെ ഹസാരയുടെ പ്രവർത്തകരിലൊരാൾ ഉടൻ പൊലീസിനെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :