ന്യൂഡൽഹി|
Rijisha M.|
Last Modified വ്യാഴം, 28 ജൂണ്‍ 2018 (09:19 IST)
പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ
അമിത് ഷാ ചൊവ്വാഴ്ച കേരളത്തിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷ നിയമനത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമിത് ഷായുടെ കേരളത്തിലേക്കുള്ള വരവ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണിത്.
തിരുവനന്തപുരത്തു നടത്തുന്ന മുഴുദിന ചർച്ചകളിൽ എല്ലാ തലത്തിലുമുള്ള നേതാക്കളുമായി അമിത് ഷാ സംവദിക്കും.
തെക്കൻ കേരളത്തിലെ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, മാവേലിക്കര, ആലപ്പുഴ എന്നീ ആറു ലോക്സഭാ മണ്ഡലങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് അന്നു ചർച്ച ചെയ്യുക.
അടുത്ത സന്ദർശനത്തിൽ മാത്രമേ മറ്റു മണ്ഡലങ്ങളെപ്പറ്റി ചർച്ചയുണ്ടാവൂ. ഇതേസമയം, സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളുടെ ഭാഗമല്ല ഷായുടെ സന്ദർശനമെന്നാണു കേന്ദ്ര നേതൃത്വം നൽകുന്ന വിശദീകരണം. എന്നാൽ, സന്ദർശനത്തിനു പിന്നാലെ അധ്യക്ഷ നിയമനം പ്രതീക്ഷിക്കാമെന്നു റാവു വെളിപ്പെടുത്തി.