ലഖ്‌നൗ|
jibin|
Last Modified ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (16:28 IST)
കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്ത്. ഇറ്റാലിയൻ കണ്ണട മാറ്റിയാൽ രാഹുലിന് നരേന്ദ്ര മോദി സർക്കാരിന്റെ വികസനങ്ങൾ കാണാൻ കഴിയും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിയും ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
അറുപത് വർഷം രാജ്യം ഭരിച്ച കോൺഗ്രസാണ് മോദിയുടെ മൂന്ന് വർഷത്തെ ഭരണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രഹുൽ ഗാന്ധി ഒരിക്കൽ പോലും അമേത്തിയിലെ കളക്ടറുടെ ഓഫീസ് സന്ദർശിച്ചിട്ടില്ലെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
അമേത്തിയിലെ ജനങ്ങൾക്ക് വേണ്ടി രാഹുലും പാർട്ടിയും എന്താണ് ചെയ്തത്. അമേത്തിയെ ലോകം അറിയുന്നത് നെഹ്റു കുടുംബത്തിന്റെ തട്ടകമായാണ്. കഴിഞ്ഞ 70 വര്‍ഷമായി ജനം ഒരു കുടുംബത്തിലാണ് വിശ്വാസം പ്രകടിക്കുന്നത്. എന്നാൽ അവിടെ വികസനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 2022ഓടെ യുപി ഗുജറാത്തിനെ പോലെ വികസിക്കുമെന്നും അമിത് ഷാ പറഞ്ഞു.
യുപിഎ സർക്കാർ നടപ്പാക്കിയ പദ്ധതികളെ ബിജെപി സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന കോൺഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.