പാർലമെന്റ് വളയുമെന്ന് കർഷകർ, പ്രധാനമന്ത്രി ഇടപെട്ടു, ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ

അഭിറാം മനോഹർ| Last Modified ശനി, 5 ഡിസം‌ബര്‍ 2020 (11:55 IST)
കർഷകരുമായുള്ള മൂന്നാം ഘട്ട ചർച്ചയ്‌ക്ക് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കുന്നുണ്ട്. കർഷകസമരത്തിന് രാജ്യത്തിനകത്ത് പിന്തുണ വർധിക്കുന്നതും ആഗോളതലത്തിൽ തന്നെ ചർച്ചയാകുന്നതിനുമിടയിലാണ് പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്.

അതേസമയം സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കേന്ദ്രസർക്കാറുമായി നേരത്തെ നടത്തിയ രണ്ട് ചർച്ചകളും പരാജയമായിരുന്നു. ഇതിനിടെ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നാല്‍ പാര്‍ലമെന്റ് വളയുമെന്നടക്കമുള്ള ഭീഷണി കര്‍ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ദേശീയ പാത എട്ടില്‍ മാര്‍ച്ച് നടത്തുമെന്നും പ്രക്ഷോഭം ജന്തര്‍ മന്തറിലേക്ക് മാറ്റുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

ഇന്ന് രണ്ട് മണിക്കാണ് കർഷക നേതാക്കളുമായി സർക്കാരിന്റെ ചർച്ച.കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :